ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സി.പി.എം നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ പാർട്ടി തലം താഴ്ത്തലോ പുറത്താക്കലോ പോലുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചാൽ, മുൻ മന്ത്രിമാർ അടക്കമുള്ള ഉന്നത നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുമെന്ന ഭീഷണി പത്മകുമാർ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പത്മകുമാറിനെ അനുനയിപ്പിക്കാനായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിനെ നേതൃത്വം രംഗത്തിറക്കി.
അടുത്ത ആഴ്ചകളിൽ തന്നെ പത്മകുമാറിന്റെ ആത്മകഥ പുറത്തിറങ്ങുമെന്ന വാർത്ത പാർട്ടിയെ കൂടുതൽ ആശങ്കയിലാക്കുന്നു. ശബരിമല യുവതീപ്രവേശ സമയത്ത് നടന്ന ഉന്നതതല ഇടപെടലുകൾ, വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകൾ എന്നിവ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നാണ് സൂചന. മാസപൂജ സമയത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാനും, പിന്നീട് ശുദ്ധികലശം നടത്തി തടിയൂരാനും പാർട്ടി ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സ്വർണക്കൊള്ളക്കേസിന് പുറമെ, പ്രളയകാലത്ത് ആനത്തോട് ഡാമിലെ മണൽ നീക്കം ചെയ്തതിലെ അഴിമതി ആരോപണങ്ങളും വിവാദമാകുന്നു. ദേവസ്വം ബോർഡിന്റെ അറിവില്ലാതെ ഒരു സ്വകാര്യ കമ്പനിക്ക് മണൽ നീക്കം ചെയ്യാൻ മുൻ മുഖ്യമന്ത്രി അനുമതി നൽകിയെന്നും, ഇതിനായി അന്നത്തെ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും ഹെലികോപ്റ്ററിൽ പരിശോധന നടത്തിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് പത്മകുമാർ ഉന്നയിക്കുന്നത്. ഈ വിഷയങ്ങളിലെ തെളിവുകൾ പുറത്തുവന്നാൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ പരാജയത്തിന് സ്വർണക്കൊള്ളക്കേസ് പ്രധാന കാരണമായെന്ന് ലോക്കൽ കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് കീഴ്ഘടകങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് വിഷയം കൈകാര്യം ചെയ്യാൻ ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. എന്നാൽ, 'ദൈവതുല്യൻ' എന്ന് പത്മകുമാർ വിശേഷിപ്പിച്ച ഉന്നതൻ ആരാണെന്ന ചോദ്യത്തിന് മറുപടി കിട്ടുന്നതോടെ കേസ് കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഉറപ്പാണ്.