വൈദ്യുതി പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദ്ദേശിച്ചു. കെ.എസ്.ഇ.ബിയുടെ ഉത്തര മലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം തുടങ്ങിയ പരാതികളില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, ഉപഭോക്താക്കള്‍ ഫോണ്‍ വഴി ഉന്നയിക്കുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണികള്‍ കാരണമോ അപ്രതീക്ഷിത തടസ്സങ്ങള്‍ കാരണമോ വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളില്‍ ജനങ്ങളെ വിവരം കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനായി പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, വെബ്സൈറ്റ്, മാധ്യമങ്ങള്‍ എന്നിവ ഫലപ്രദമായി ഉപയോഗിക്കണം. മഴക്കാലത്ത് രാത്രികളില്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി ഒരു അധിക ലൈന്‍മാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
പകല്‍ സമയത്ത് സൗരോര്‍ജ്ജം സംഭരിച്ച് രാത്രിയിലെ പീക്ക് സമയങ്ങളില്‍ വിതരണം ചെയ്യുന്ന 'ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം' പദ്ധതിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഈ പദ്ധതിയുടെ മൂന്ന് യൂണിറ്റുകള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഉത്തര മലബാറിലെ വിവിധ ജില്ലകളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും അവലോകനം ചെയ്ത യോഗത്തില്‍ എം.എല്‍.എമാരും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വൈദ്യുതി പരാതികള്‍ക്ക് അടിയന്തര പരിഹാരം; നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കും: മന്ത്രി സണ്ണി ജോസഫ്