പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി
Jaihind TV News Report
Jaihind TV Web Desk
January 14, 2022
1 min read
•
Updated: June 10, 2026
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒറ്റ വാക്കിലായിരുന്നു വിധി പ്രസ്താവം. വിധി കേട്ട് പൊട്ടിക്കരഞ്ഞ ബിഷപ്പ് ഫ്രാങ്കോ 'ദൈവത്തിന് സ്തുതി'യെന്ന് പ്രതികരിച്ചു.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ രാമന്‍പിള്ള, സി.എസ് അജയന്‍ എന്നിവരുമാണ് ഹാജരായത്.
പീഡനം, തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴ് വകുപ്പുകളാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴ് മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ ഉള്‍പ്പെടെ 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെയും വിസ്തരിച്ചു.
2018 ജൂണിലാണ് കേസി രജിസ്റ്റർ ചെയ്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില്‍ തുടങ്ങിയ വിചാരണ പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. 2018 സെപ്റ്റംബർ 21ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വൈക്കം മുൻ ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. വിധി കേൾക്കുന്നതിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിൻവാതിലിലൂടെയാണ് കോടതിയിലെത്തിച്ചത്. ബാരിക്കേഡുകൾ ഉയർത്തിയിരുന്നു. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10