കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയതിനിടെ തിരയില്‍പ്പെട്ട് കാണാതായ കര്‍ണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബംഗളൂരു റൂറല്‍ സ്വദേശിയായ സന്തോഷ് കുമാര്‍ (20) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. പ്രശസ്തമായ കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് സന്തോഷ് കുമാറും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന സംഘം പയ്യാമ്പലം ബീച്ചിലെത്തിയത്. സന്തോഷ് കുമാറിനൊപ്പം സുഹൃത്തായ മനോജും അപകടത്തില്‍പ്പെട്ടിരുന്നു.
എന്നാല്‍, അപകട സമയത്ത് തന്നെ ലൈഫ് ഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് മനോജിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി