ബൂര്‍ഷ്വകളെ തരം മാറ്റി പ്രോലിറ്റേറിയന്‍ ആക്കുന്ന ഒടിവിദ്യയുമായി പിണറായി വിജയന്‍
Jaihind TV News Report
Jaihind TV Web Desk
March 07, 2025
1 min read
•
Updated: June 09, 2026
ബൂര്‍ഷ്വകളെ തരം മാറ്റി പ്രോലിറ്റേറിയന്‍ ആക്കുന്ന നവ വിദ്യയുമായി പിണറായി വിജയന്‍. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണമെന്ന വിവാദ നിര്‍ദേശവുമായിട്ടാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പുതിയ വികസന നയരേഖ അവതരിപ്പിച്ചിരിക്കുന്നത്. ഭരണം തുടരാനും വരുമാനം കൂട്ടാനും പുതിയ ഒടിവിദ്യ എന്നതാണ് ചുരുക്കത്തില്‍ ഈ ഐഡിയ. കേന്ദ്രം ആദായനികുതി കുറച്ചപ്പോള്‍ സംസ്ഥാനം ആ ഗ്യാപ്പു നോക്കി ഇടപെടുകയാണ്. വികസനത്തിന് ഫീസ് എന്നാണ് വിളിപ്പേരെങ്കിലും സംഗതി അതു തന്നെയാണ്, നാട്ടുകാരില്‍ നിന്ന് പിരിച്ച് ധൂര്‍ത്തടിക്കുക. വ്യക്തിഗത സെസ്സ് എന്ന ആശയം നടപ്പാക്കാന്‍ സര്‍ക്കാര്‍ കുറച്ചു ബുദ്ധിമുട്ടും. യുഡിഎഫ് കൊണ്ടുവന്ന എല്ലാ വികസനപദ്ധതികളും എതിര്‍ക്കുകയും അധികാരം കിട്ടിയപ്പോള്‍ അത് സ്വന്തം പേരിലാക്കുകയും ചെയ്ത ഇടതുമുന്നണിക്ക് ധൂര്‍ത്തടിക്കാന്‍ ഇനി ജനങ്ങള്‍ നേരിട്ടു പണം കൊടുക്കണമെന്നാണോ. വികസനത്തിനു മുടക്കാന്‍ പണമില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ പ്രശ്‌നം. പക്ഷേ ധൂര്‍ത്തിനും സ്വജന പക്ഷപാതിത്വത്തിനും ചെലവാക്കാന്‍ ഇതൊന്നും ബാധകമല്ല. വികസനത്തിനാണ് പണമില്ലാത്തത്. അതു കണ്ടെത്താനുള്ള എളുപ്പവഴിയാണ് പ്രോലിറ്റേറിയന്‍ പാര്‍ട്ടിയുടെ ബുദ്ധി. ഉള്ളവനെന്നും ഇല്ലാത്തവനെന്നും വര്‍ഗ്ഗശത്രുത പറഞ്ഞാല്‍ പണപ്പിരിവിനുള്ള കാരണം കണ്ടെത്താം. എല്ലാം പാവങ്ങള്‍ക്കു വേണ്ടിയാണെന്നുള്ള പ്രഖ്യാപിത അജന്‍ഡയും നടപ്പാക്കാം. ഇങ്ങനെ ഒരു വെടിക്ക് ഒട്ടേറെ ലക്ഷ്യങ്ങളാണ് നയരേഖ ലക്ഷ്യമിടുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് കുറേ മുദ്രാവാക്യങ്ങളും ഇതുവഴി തരപ്പെടും. എന്നാല്‍ വികസനത്തിനായി വരുമാനം കണ്ടെത്താന്‍ സര്‍ക്കാരിന് ഈ പിരിവുമാത്രമേ വഴിയുള്ളൂ എന്നതാണ് സിപിഎം ബുദ്ധിയുടെ പോരായ്മ. വികസനത്തിന്റെ പേരിലാണ് ഇവരുടെ ധൂര്‍ത്തും അഴിമതിയും . വികസനത്തിലേയ്ക്ക് നയം മാറ്റമെന്നൊക്ക വലിയ വര്‍ത്താനം പറയുമങ്കിലും സുസ്ഥിരമായ ഒരു വരുമാനമാര്‍ഗ്ഗം സംസ്ഥാനത്തിനു കണ്ടെത്താന്‍ കഴിയാതെപോകുന്നതിന്റെ എല്ലാ നിസ്സഹായതയും ഇതിനുണ്ട് സംസ്ഥാനത്തിന്റെ വികസനം പിരിവിട്ടു നടത്താമെന്ന ബാലിശമായ മനോഗതിയാണ് ഈ മുഖ്യമന്ത്രിക്കുള്ളതെന്ന് ആരും ചോദിച്ചു പോകും. ബൈക്കുള്ളവര്‍ക്ക് , കാറില്‍ പോകുന്നവര്‍ക്ക്, കോണ്‍ക്രീറ്റ് വീടുള്ളവര്‍ക്ക്, ഫോണുള്ളവര്‍ക്ക്, ടിവിയുള്ളവര്‍ക്ക് ഇങ്ങനെ അനന്തസാദ്ധ്യതകളാണ് പിണറായി ഈ സെസ്സു ചുമത്തലില്‍ കാണുന്നത്. മൂരാച്ചി രാഷ്ട്രീയം പഠിച്ചവരില്‍ നിന്ന് ഇത്തരം ചിന്തകളും ആശയങ്ങളും പ്രതീക്ഷിച്ചാല്‍ മതി ഏറെക്കാലമായി വര്‍ധന വരുത്താത്ത മേഖലക ളില്‍ ഫീസോ നികുതിയോ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. സെസ്സിനും ഫീസിനും പുറമേ പൊതുമേഖലയില്‍ സ്വകാര്യവല്‍ക്കരണ നയം മാറ്റത്തിന്റെ സൂചന നല്‍കുന്നതാണ് പുതിയ രേഖ എന്നൊക്കെയാണ് അവകാശവാദം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്കു വിട്ടു നല്‍കാനും പൊതു-സ്വകാര്യ പങ്കാളി ത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനും രേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ചോദിക്കാതിരിക്കുന്നതെങ്ങിനെ, ഇപ്പോഴാണോ സഖാവേ നേരം വെളുത്തത്.? ഭരണം നിലനിര്‍ത്തണമെന്ന അത്യാഗ്രഹത്തില്‍ സ്വപ്‌നംകാണുന്ന പണപ്പിരിവ് ജനങ്ങള്‍ എതിര്‍ത്തു തോല്പിക്കാതിരിക്കില്ല
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10