'സ്പ്രിങ്ക്‌ളര്‍' ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; 'സംശയങ്ങള്‍ ഐ.ടി വകുപ്പിനോട് ചോദിക്കണം, എനിക്ക് ഇപ്പോള്‍ സമയമില്ല'
Jaihind TV News Report
Jaihind TV Web Desk
April 13, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഐ.ടി വകുപ്പിനോട് ചോദിക്കണമെന്നും തനിക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാന്‍ സമയമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതിനിടെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇപ്പോഴും ലഭിക്കുന്നത് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് തന്നെയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ്കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്ത്. പ്രതിപക്ഷത്തിന്‍റെ ശക്തമായ ആരോപണത്തെ തുടർന്നാണ് വിവാദ ഉത്തരവ് തിരുത്താന്‍ സർക്കാർ തയാറായത്. എന്നാല്‍ സൈറ്റിന്‍റെ ഡി.എന്‍.എസ് പരിശോധനയില്‍ കൃത്രിമം കണ്ടെത്തി.
സ്പ്രിങ്ക്ളറിനെ ഉപയോഗിച്ച് കൊണ്ടുള്ള കൊവിഡ് വിവര ശേഖരം അവസാനിച്ചു എന്നത് തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സ്പ്രിങ്ക്ളറിന്‍റെ തന്നെ വെബ് ആപ്ലിക്കേഷന്‍റെ പോർട്ടലിന്‍റെ മേൽവിലാസം housevisit.kerala.gov.in എന്ന് മാറ്റുകയാണ് സർക്കാർ ചെയ്‌തത്. യഥാർത്ഥത്തില്‍ കനോണിക്കല്‍ നെയിം റെക്കോർഡ് (Canonical Name Record) മാറ്റുക മാത്രമാണ് ചെയ്‍തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
വിവാദമായതിനെ തുടർന്ന് സർക്കാര്‍ തിരുത്തി എന്ന് പറയുന്ന, നിലവില്‍ രോഗികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടുന്ന ‘housevisit.kerala.gov.in’ എന്ന മേൽവിലാസം മാപ്പ് ചെയ്തിരിക്കുന്നത് ” kerala-field-covid.sprinklr.com ” എന്ന ഡൊമൈനിലേക്ക് തന്നെയാണെന്ന് സൈബര്‍ വിദഗ്ധർ വ്യക്തമാക്കുന്നു. അതായത് രോഗികളുടെ വിവരങ്ങള്‍ അപ്‌ലോഡാകുന്നത് സ്പ്രിങ്ക്ളര്‍ വെബ്സൈറ്റിലേക്ക് തന്നെ എന്നതാണ് വസ്തുത.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരം അപ്‌ലോഡാകുന്നത് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന്‍റെ സെർവറിലേക്കാണെന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇതിനെ തുടർന്ന് സ്പ്രിങ്ക്ളർ കമ്പനിയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളും പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിവാദമായതിനെ തുടർന്ന് ഇന്നാണ് സ്പ്രിങ്ക്ളറിന് വിവരം നല്‍കേണ്ടതില്ല എന്ന തീരുമാനം സർക്കാർ സ്വീകരിച്ചത്. എന്നാല്‍ ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10