കൊല്ലം: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട അമേരിക്കന് കമ്പനിയായ കോറോ ഹെല്ത്തിന്റെ നടപടിക്കെതിരെ സംസ്ഥാന സര്ക്കാരും തൊഴില് വകുപ്പും ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് തൊഴില് വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൂട്ടപ്പിരിച്ചുവിടല് ശ്രദ്ധയില്പ്പെട്ട ഉടന് തന്നെ ലേബര് ഓഫീസറും റീജിയണല് ലേബര് ഓഫീസറും ഉമാ തോമസ് എംഎല്എയുടെ സാന്നിദ്ധ്യത്തില് കമ്പനി അധികൃതരുമായി ചര്ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പിരിച്ചുവിടല് നടപടി തത്കാലം മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും, തൊട്ടടുത്ത ദിവസം നല്കിയ ഉറപ്പിന് വിപരീതമായാണ് കമ്പനി പ്രവര്ത്തിച്ചത്. എന്നിരുന്നാലും തൊഴില് വകുപ്പ് ചര്ച്ചകള് അവസാനിപ്പിച്ചിട്ടില്ലെന്നും ജൂലൈ 6-ന് ലേബര് കമ്മീഷണര് കമ്പനിയില് നേരിട്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, ജൂലൈ 10-ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര് കൊച്ചിയില് എത്തുന്ന മുറയ്ക്ക് താന് അവരുമായി നേരിട്ട് ചര്ച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്ക്കാര് എപ്പോഴും സ്വീകരിക്കുന്നത്. എണ്ണൂറോളം പേര്ക്ക് ജോലി നഷ്ടപ്പെട്ട വിഷയത്തെ രാഷ്ട്രീയമായി കണ്ട് ചില നേതാക്കള് പ്രസ്താവനകള് നടത്തുന്നത് ശരിയല്ല. ഇത്തരമൊരു സാഹചര്യത്തില് രാഷ്ട്രീയ നേട്ടമല്ല ലക്ഷ്യം വെക്കേണ്ടതെന്നും എല്ലാവരും ഒറ്റക്കെട്ടായി തൊഴിലാളികളെ ചേര്ത്തുനിര്ത്തുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. വിഷയം അറിഞ്ഞത് മുതല് സര്ക്കാര് കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും വകുപ്പ് നോക്കുകുത്തിയായി നിന്നിട്ടില്ലെന്നും അവര് വ്യക്തമാക്കി. വിഷയം ഇതിനോടകം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്ക്കാരിന്റെ ഇടപെടല് ആവശ്യമാണെങ്കില് അതിനുള്ള നടപടികള് സ്വീകരിക്കും. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് സര്ക്കാര് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോറോ ഹെല്ത്ത് കൂട്ടപ്പിരിച്ചുവിടല്: മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്ച്ച നടത്തും