വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐയും; കുറ്റപത്രം സമർപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
December 27, 2021
1 min read
•
Updated: June 10, 2026
വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐയും. പാലക്കാട് പോക്സോ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നിരന്തരമായ ശാരീരിക പീഡനങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പൊലീസ് കണ്ടെത്തിയവർ തന്നെ സിബിഐ കുറ്റപത്രത്തിലും പ്രതികള്‍.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് പേരാണ് പ്രതികള്‍. വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. കുട്ടി മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
വാളയാർ കേസിന്‍റെ നാൾവഴി:
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. മാർച്ച് 7 ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇതിലും അന്വേഷണം തുടങ്ങിയതിനൊപ്പം നിലവിലെ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കുകയും ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജനും നല്‍കി. പിന്നാലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാമ്പാംപള്ളം സ്വദേശി വി മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വാളയാര്‍ എസ്ഐ പിസി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി.
മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു.
ജൂണ്‍ 22 ന് കോടതിയില്‍ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. പതിനാറുകാരന്‍റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്‍റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി.
2019 ഒക്ടോബര്‍ 9ന് കേസിലെ ആദ്യ വിധി പ്രസ്താവിച്ചു. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായതോടെ സർക്കാർ കമ്മീഷനെ നിയോഗിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പികെ ഹനീഫ കമ്മീഷന്‍ കണ്ടെത്തി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10