ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി
Jaihind TV News Report
Jaihind TV Web Desk
January 08, 2024
1 min read
•
Updated: June 09, 2026
ന്യൂഡൽഹി: ബില്‍ക്കിസ് ബാനോ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ നടപടി റദ്ദാക്കി സുപ്രീം കോടതി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതക, മാനഭംഗക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്‌ത് ഇരയായ ബിൽക്കിസ് ബാനു അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദ്ദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.
'ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടത്തെ സർക്കാരിനായിരുന്നു അവകാശം.'- സുപ്രീം കോടതി പറഞ്ഞു. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനോയും കുടുംബവും കൊടും ക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. 2022-ൽ സ്വാതന്ത്ര്യദിനത്തിലാണ് 14 വർഷം തടവു ശിക്ഷ അനുഭവിച്ചതും നല്ലനടപ്പ് പരിഗണിച്ചതും ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്. ഇതിനെതിരെ ബില്‍ക്കിസ് ബാനോ ഉള്‍പ്പെടെ നല്‍കിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ മോചിപ്പിച്ചത് മാനസികാഘാതമുണ്ടാക്കിയെന്ന് ബിൽക്കിസ് വാദിച്ചു.
ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികൾ. 2022 ഓഗസ്റ്റ് 15-ന്, 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10