തിരുവനന്തപുരം: ആവേശവും ആഹ്ലാദവും അഭിമാനവും വാനോളമുയർത്തി കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് തകർപ്പൻ തുടക്കം. യുഡിഎഫ് സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം യാഥാർത്ഥ്യമാക്കിയ ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം, മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ആദ്യ യാത്രയിൽ സ്ത്രീകൾക്കൊപ്പം അണിചേർന്നതോടെ തമ്പാനൂർ കെഎസ്ആർടിസി ടെർമിനൽ പരിസരം ആവേശക്കടലായി മാറി. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ നീണ്ട ഈ ജനകീയ യാത്ര തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തിയാണ് കടന്നുപോയത്.
മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും മന്ത്രി കെ.എ. തുളസിയും ഉദ്യോഗസ്ഥരും ഒന്നിച്ച് സ്ത്രീകൾക്കൊപ്പം കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തത് കാണാൻ തിരുവനന്തപുരം നഗരവീഥികളിൽ ഉടനീളം ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. നഗരത്തിലൂടെ നീങ്ങിയ ചരിത്രപ്രസിദ്ധമായ ഈ പ്രിയദർശിനി യാത്രയെ കൈയടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും വഴിയരികിൽ കാത്തുനിന്ന ജനസാഗരം ആവേശത്തോടെ അഭിവാദ്യം ചെയ്തു.
13 വർഷം മുൻപ് പിഎസ്‌സി നിയമനത്തിലൂടെ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവറായി ചരിത്രം കുറിച്ച വി.പി. ഷീലയാണ് മുഖ്യമന്ത്രിയും വനിതകളുമടങ്ങിയ ഈ സുപ്രധാന വാഹനം ഓടിച്ചത് എന്നത് യാത്രയുടെ മാറ്റുകൂട്ടി. ഷീല ഓടിച്ച ബസ് ഭരണസിരാകേന്ദ്രത്തിലേക്ക് പ്രവേശിച്ചതോടെ ജനങ്ങളുടെ ആവേശം അത്യുന്നതിയിലായി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിന് മുന്നിൽ ആദ്യഘട്ട യാത്ര സമാപിച്ച വേളയിൽ, ഈ പ്രിയദർശിനി യാത്ര കേരള ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സെക്രട്ടറിയേറ്റിൽ ഇറക്കിയ ശേഷം, വനിതകളുമായി യാത്ര തുടർന്ന ബസ് പെരുമാതുറയിലാണ് അന്തിമമായി സമാപിച്ചത്.