പ്രിയപ്പെട്ട സോണിയ ഗാന്ധിക്ക് ഇന്ന് 78–ാം പിറന്നാൾ
Jaihind TV News Report
Jaihind TV Web Desk
December 09, 2024
1 min read
•
Updated: June 06, 2026
ഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്ക് ഇന്ന് 78-ാം ജന്മദിനം. വലിയ ആഘോഷം വേണ്ടെന്നാണ് സോണിയ ഗാന്ധി പാർട്ടിക്ക് നൽകിയ നിര്‍ദേശം. ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ഭാഗമായി മാറിയ സോണിയാ ഗാന്ധിയുടെ ജീവിതം വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയത്.
ഇറ്റലിയിലെ വുസെൻസാ നഗരത്തിൽ കെട്ടിട നിർമ്മാണ കരാറുകാരനായ സ്റ്റെഫാനോയുടേയും പൗള മൈനോയുടേയും മൂന്നുമക്കളിൽ മൂത്തവളായ സോണിയ മൈനോ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായത് യാദൃച്ഛികതകളിലൂടെയാണ്. കേംബ്രിഡ്ജിൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് എത്തിയ സോണിയ, നെഹ്റു കുടുംബത്തിലെ പിന്മുറക്കാരനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെ ജീവിതം മാറിമറിയുകയായിരുന്നു.
മകള്‍ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പരുക്കേറ്റ കയ്യുമായാണ് സോണിയ ഗാന്ധി ലോക്സഭ ഗാലറിയില്‍ എത്തിയത്. പൊതുപരിപാടികളില്‍ തല്‍ക്കാലം പങ്കെടുക്കുന്നില്ലെങ്കിലും കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും അവധിയില്ല. കോണ്‍ഗ്രസിന്‍റെ നെടുംതൂണായി നില്‍ക്കുന്ന സോണിയയുടെ വാക്കാണ് പാര്‍ട്ടിക്ക് ഇന്നും അന്തിമവാക്ക്.
പ്രധാനമന്ത്രി പദത്തില്‍ നിന്ന് സ്വയം മാറിനിന്നപ്പോഴും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയടക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് കരുത്തായ നിരവധി പദ്ധതികൾ രാജ്യത്തിന് അവരുടെ പേരിനോട് ചേര്‍ത്തുവച്ചവയാണ്. വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശനിയമവുമടക്കം പിന്നെയും എത്രയോ ജനപക്ഷ നിയമനിര്‍മാണങ്ങളുടെ നെടുംതൂണായി സോണിയ ഗാന്ധി. 2004ലും 2009ലും യുപിഎയെ അധികാരത്തിലെത്തിക്കാന്‍ സാധിച്ചതും സോണിയയുടെ നേതൃത്വത്തിലാണ്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984ൽ കൊല്ലപ്പെട്ടതോടെ പിൻഗാമിയായി രാജീവ് ഗാന്ധിയെ എത്തിയതോടെ സോണിയയും ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ മുൻനിരയിലേക്ക് നയിക്കപ്പെടുകയായിരുന്നു. ഏഴു വർഷത്തിനുശേഷം രാജീവ് ഗാന്ധിയുടെ വധത്തോടെ കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയയുടെ മേൽ സമ്മർദ്ദമുണ്ടായിട്ടും അവർ തയ്യാറായില്ല. എന്നാൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ 1998ൽ പാർട്ടി അധ്യക്ഷയാകാൻ തയാറായി. 2004-ലും 2009-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ വിജയത്തിലും സോണിയ ഗാന്ധി നിർണായക പങ്കുവഹിച്ചു.
2007-ലും 2010-ലും 2013-ലും ഫോബ്‌സ് മാസികയുടെ പട്ടികയിൽ സോണിയ ഇടംതേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ മുൻ അധ്യക്ഷ, നെഹ്റു കുടുംബത്തിലെ തലമുതിർന്ന അംഗം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, കോൺഗ്രസിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റവുമധികം കാലം വഹിച്ച വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങളാണ് സോണിയാ ഗാന്ധിക്കുള്ളത്. രാജ്യസഭാ അംഗം എന്ന നിലയിൽ ഇന്നും സജീവമാണ് സോണിയാ ഗാന്ധി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10