Logo
Sun, Jun 07, 2026 • 07:46 PM
LIVE TV
Watch

No business videos available

No Middle East videos available

AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തില്‍ നിര്‍ണായകമാവും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

AHMEDABAD PLANE CRASH|  അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തില്‍ നിര്‍ണായകമാവും
അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ ബോയിംഗ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ഇനി ഏറ്റവും നിര്‍ണായകമാവുക ബ്ലാക്ക് ബോക്‌സ് ആണ്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോര്‍ഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ ഇവ സഹായിക്കും. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI171 വിമാനം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:39-ന് പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വെറും 625 അടി മാത്രം ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ബി.ജെ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഇതോടെ 242 പേരുടെ യാത്ര ഒരു വന്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. എന്താണ് ബ്ലാക്ക് ബോക്‌സ്? ബ്ലാക്ക് ബോക്‌സ്, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്ന പേരിലും അറിയപ്പെടുന്നു. വിമാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തപ്പെടുന്ന ഉപകരണമാണിത്. സാധാരണ ഗതിയില്‍ ഒരു വിമാനത്തില്‍ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ ഉണ്ടാകും. ഒന്ന് മുന്നിലും മറ്റേത് പിന്നിലുമായിരിക്കും. ഫ്‌ളൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിനാല്‍ വിമാനാപകങ്ങള്‍ക്ക് തൊട്ടുമുന്‍പുവരെ വ്യോമയാത്രയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സഹായിക്കുന്നു. ടൈറ്റാനിയത്തിന്റെ ആവരണമുള്ളതുകൊണ്ടുതന്നെ വീഴുന്നത് വെള്ളത്തിലായാലും ഉറപ്പുള്ള പ്രതലത്തിലായാലും കേടുകൂടാതിരിക്കും. കടുത്ത ചൂടോ, ഈര്‍പ്പമോ, തണുപ്പോ ഒന്നും ഇതിനെ ബാധിക്കില്ല. ഏതാണ്ട് നാലര കിലോ വരും. പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, എഞ്ചിന്‍ ശബ്ദങ്ങള്‍, വിമാനവുമായി ബന്ധപ്പെട്ട റേഡിയോ പ്രക്ഷേപണങ്ങള്‍ തുടങ്ങിയവ ഇതില്‍ പതിയും. എത്ര ഉയരത്തിലാണ് വിമാനം പറന്നത്, എത്രയായിരുന്നു വേഗത, ഏത് ദിശയിലാണ് സഞ്ചരിച്ചത് തുടങ്ങിയ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യും. വാണിജ്യ വിമാനങ്ങളില്‍ ബ്ലാക്ക് ബോക്‌സുകള്‍ നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണ് നിയമം. പേരില്‍ കറുപ്പുണ്ടെങ്കിലും യഥാര്‍ഥ നിറം ഓറഞ്ചാണ്. ഏത് വിമാനാപകടമുണ്ടായാലും അന്വേഷണ വിഭാഗങ്ങള്‍ ആദ്യം തേടുകയും ആശ്രയിക്കുകയും ചെയ്യുക ബ്ലാക്ക് ബോക്‌സിനെയാണ്. പുറകിലും സ്ഥാപിച്ചിരിക്കുന്നത്, അപകടങ്ങളില്‍ ഈ ഭാഗത്ത് കൂടുതല്‍ നാശങ്ങളുണ്ടാകാറില്ലെന്നതിനാലാണ്. 1950 മുതല്‍ ഇവ പ്രാബല്യത്തിലുണ്ട്. ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് വാറനാണ് ബ്ലാക്ക് ബോക്‌സ് കണ്ടുപിടിച്ചത്. ഇതില്‍ നിന്ന് വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കാന്‍ രണ്ടാഴ്ച വരെ വേണ്ടിവന്നേക്കാം. സാങ്കേതികത്തകരാറാണോ, കാലാവസ്ഥാപ്രശ്‌നമാണോ അതോ പൈലറ്റുമാരുടെ വീഴ്ചയാണോ വിമാനാപകടത്തിന് കാരണമായതെന്ന് കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നതിലൂടെ സാധിക്കും. അതിനാല്‍ തന്നെ വിമാന ദുരന്തങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സ്. ആധുനിക ബ്ലാക്ക് ബോക്സുകളില്‍ സോളിഡ്-സ്റ്റേറ്റ് മെമ്മറി ചിപ്പുകളാണ് ഉണ്ടാവുക. അവ മാഗ്നറ്റിക് ടേപ്പിനേക്കാള്‍ ഈടുനില്‍ക്കുന്നതും ആധികാരികവുമാണ്. കോക്ക്പിറ്റ് കമാന്‍ഡ് ഇന്‍പുട്ടുകള്‍, ഫ്ളൈറ്റ് നിയന്ത്രണങ്ങള്‍, വിവിധ സിസ്റ്റം പാരാമീറ്ററുകള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ ഡാറ്റ റെക്കോര്‍ഡുചെയ്യാനും സംഭരിക്കാനുമുള്ള ശേഷി ഇതിനുണ്ട്. ചില നൂതന ബ്ലാക്ക് ബോക്സുകളില്‍ കോക്ക്പിറ്റ് ചിത്രങ്ങള്‍ റെക്കോര്‍ഡുചെയ്യുന്ന വീഡിയോ ക്യാമറകളും ഉള്‍പ്പെടുന്നു. ഇത് അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ദൃശ്യങ്ങളും ലഭ്യമാക്കുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10