നിരോധിച്ച നോട്ട് മാറ്റിക്കൊടുത്ത് ബി.ജെ.പി കമ്മീഷന്‍ വാങ്ങി; ഗുരുതര വെളിപ്പെടുത്തലുമായി പ്രതിപക്ഷം

Jaihind Webdesk
Tuesday, March 26, 2019

Kapil-Sibal

നോട്ട് നിരോധനത്തിന്‍റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഡൽഹിയിൽ സംയുക്ത പ്രതിപക്ഷ പാർട്ടി നേതാക്കൾ നടത്തിയ വാർത്ത സമ്മേളനത്തിലാണ് വീഡിയോ പുറത്തുവിട്ട് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി മാറ്റി നല്‍കി ബി.ജെപി വന്‍ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ നോട്ട് മാറ്റിത്തരുന്നതിന് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ പ്രതിപക്ഷ നേതാക്കള്‍ പുറത്തുവിട്ടു. ടി.എന്‍.എന്‍ ഡോട്ട് വേള്‍ഡ് എന്ന വെബ്‌സൈറ്റാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ഇടപാട് നടന്നത് നോട്ട് നിരോധനത്തെ തുടർന്ന് പണം മാറ്റാനുള്ള അവസാന തീയതിക്ക് ശേഷമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. അഞ്ച് കോടിയുടെ നിരോധിച്ച നോട്ടുകള്‍ ബി.ജെ.പി നേതാവ് മാറ്റി നല്‍കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. അമിത് ഷാ സംരക്ഷിക്കുമെന്ന് ബി.ജെ.പി നേതാവിന്‍റെ ഉറപ്പും പുറത്തുവിട്ട വീഡിയോയിലുണ്ട്.

ബിജെപി തങ്ങളുടെ പാര്‍ട്ടിക്ക് ലാഭമുണ്ടാക്കാനായാണ് നോട്ട് അസാധുവാക്കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അഹമ്മദാബാദിലെ ഫാമിൽ വെച്ചാണ് ഇടപാടുകള്‍ നടന്നതെന്നും കപില്‍ സിബല്‍ പറയുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ പണം അപഹരിക്കുകയാണുണ്ടായത്. സര്‍ക്കാര്‍, പൊലീസ്, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളെ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ദുരുപയോഗം ചെയ്‌തെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് കോടിയുടെ നിരോധിച്ച നോട്ട് വാങ്ങി മൂന്ന് കോടിയുടെ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ കൈമാറിയെന്ന് വ്യക്തമായെന്ന് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.