ഹൈദരാബാദ്: റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദിനെ (DSP) നായകനാക്കി 'ബലഗം' ഫെയിം വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'യെല്ലമ്മ'യുടെ ടൈറ്റിൽ സോങ് റെക്കോർഡിംഗ് പൂർത്തിയായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പരമ്പരാഗത നാടൻ താളവാദ്യ കലാകാരന്മാരെ അണിനിരത്തി വൻ സംഗീതാവിഷ്കാരമായാണ് ദേവി ശ്രീ പ്രസാദ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. നാടൻ പാട്ടുകളുടെ കരുത്തും ഭാരതീയ താളവാദ്യങ്ങളുടെ വൈവിധ്യവും ഒരുമിപ്പിക്കുന്ന ഈ ഗാനം ഉടൻ പുറത്തിറങ്ങും.
സംഗീതസംവിധായകനായി ഇന്ത്യൻ സിനിമയിൽ ശോഭിച്ച ദേവി ശ്രീ പ്രസാദ് ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'യെല്ലമ്മ'യ്ക്കുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് നിർമ്മിച്ച് ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. വലിയ പ്രതീക്ഷകളോടെ എത്തുന്ന 'യെല്ലമ്മ' 2027 മാർച്ച് 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ആഗോള റിലീസായി എത്തും. ശബരിയാണ് ചിത്രത്തിന്റെ പി.ആർ.ഒ (PRO).
റോക്ക്‌സ്റ്റാർ നായകനാവുന്ന 'യെല്ലമ്മ': വൻ സംഗീതവിസ്മയമായി ടൈറ്റിൽ സോങ്; ചിത്രം 2027 മാർച്ച് 5-ന് തിയേറ്ററുകളിൽ