Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നിങ്ങളുടെ ഭീഷണി ആരു വകവെക്കുന്നു മിസ്റ്റർ? ഭീഷണിപ്പെടുത്താന്‍ നിങ്ങളാരാണ്?: എം.വി ഗോവിന്ദന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി | VIDEO

നിങ്ങളുടെ ഭീഷണി ആരു വകവെക്കുന്നു മിസ്റ്റർ? ഭീഷണിപ്പെടുത്താന്‍ നിങ്ങളാരാണ്?: എം.വി ഗോവിന്ദന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി | VIDEO
  കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിനെ ന്യായീകരിച്ചും ഭീഷണി മുഴക്കിയും രംഗത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കടുത്ത ഭാഷയില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇനിയും കേസെടുക്കുമെന്ന എം.വി ഗോവിന്ദന്‍റെ പ്രഖ്യാപനം അഹങ്കാരം നിറഞ്ഞ പ്രതികരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളുടെ ഭീഷണി ആരു വകവെക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഭയപ്പെടുത്താന്‍ നിങ്ങള്‍ ആരാണെന്നും ചോദിച്ചു. ഇനിയും സര്‍ക്കാരിനെ വിമർശിക്കുമെന്നും എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന സകല വൃത്തികേടുകളും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. "ആരെയാണ് എം.വി ഗോവിന്ദന്‍ ഭയപ്പെടുത്തുന്നത്? ഞങ്ങളെ ഭയപ്പെടുത്താന്‍ നിങ്ങള്‍ ആരാണ്? ഞങ്ങളുടെ കുട്ടികളെയും മാധ്യമ പ്രവര്‍ത്തകരെയും ഭയപ്പെടുത്താന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് എന്ത് അധികാരമാണുള്ളത്? ഇനിയും ഞങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കും. എസ്എഫ്ഐ ചെയ്യുന്ന വൃത്തികേടുകള്‍ മുഴുവന്‍ ഞങ്ങള്‍ ഇനിയും പുറത്തുകൊണ്ടുവരും. പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയവരാണവര്‍. വ്യാജ രേഖയുണ്ടാക്കി ലക്ചറര്‍ ആകുകയും പരീക്ഷ എഴുതാതെ പാസാകുകയും ചെയ്തവരാണ്. ഏഴ് വര്‍ഷമായി നടത്തുന്ന വൃത്തികേടുകള്‍ പുറത്തുകൊണ്ട് വരും. നിങ്ങളുടെ ഭീഷണി ആരും വകവെക്കില്ല മിസ്റ്റര്‍ ഗോവിന്ദന്‍. അതിന്‍റെ മുന്നിലൊന്നും കേരളത്തിലെ ആരും മുട്ട് മടക്കില്ല. നിങ്ങള്‍ ഭീരുവായൊരു മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിനായി വല്ലാതെ വിയര്‍ക്കുകയാണ്" - പ്രതിപക്ഷ നേതാവ് പറഞ്ഞു. അധികാരം സിപിഎമ്മിലുണ്ടാക്കിയിരിക്കുന്ന അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും പ്രതിഫലനമാണ് ഇനിയും കേസെടുക്കുമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രഖ്യാപനം. പാര്‍ട്ടി സെക്രട്ടറിയെയല്ല, മുഖ്യമന്ത്രിയെയാണ് ഭരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കുട്ടി സഖാക്കള്‍ ചെയ്യുന്ന കൊടുംപാതകങ്ങള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് ഇപ്പോഴും റോഡിലൂടെ വെല്ലുവിളിച്ച് നടക്കുകയാണ്. ഒരു പൊലീസും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. ഗസ്റ്റ് ലക്ചര്‍ ആയിരുന്നെന്ന വ്യാജ രേഖയുണ്ടാക്കിയ വനിതാ നേതാവും സ്വതന്ത്രമായി നടക്കുകയാണ്. അവര്‍ക്ക് ഒത്താശ ചെയ്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും വെറുതെ നടക്കുകയാണ്. എന്നിട്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നതെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ വ്യാജ ഗൂഡാലോചനക്കേസില്‍ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത് എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെടേണ്ടയാള്‍ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പലിനും കെ.എസ്.യു പ്രസിഡന്റിനും മാധ്യമ പ്രവര്‍ത്തകയായ അഖിലയ്ക്കും എതിരെ പൊലീസ് കേസെടുക്കുകയാണ്. ഇത് വെള്ളരിക്കാ പട്ടണമാണോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ഈ കേസിലൂടെ പുറത്ത് വന്നിരിക്കുന്നത്. എതിരായി ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്ന മോദി സ്‌റ്റൈലിലേക്ക് പിണറായി മാറിയിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയും മറ്റൊരു കുറ്റകൃത്യത്തിന് കൂട്ട് നില്‍ക്കുകയും ചെയ്ത ആളാണ് എസ്.എഫ്.ഐ സെക്രട്ടറി. വധശ്രമവും സ്ത്രീകളെ ആക്രമിച്ചതും തട്ടിക്കൊണ്ട് പോകലും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ക്രിമിനലാണ് ഈ നേതാവ്. ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും നൂറു ദിവസത്തോളം ജയിലില്‍ കിടക്കുകയും വീണ്ടും ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്ത ഒരാളുടെ പരാതിയിലാണ് പൊലീസ് കള്ളക്കേസെടുത്തിരിക്കുന്നത്. ഒരിക്കലും അനുവദിക്കാനാകാത്ത മാധ്യമ വേട്ടയാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുറ്റകൃത്യം ചെയ്തവരാണ് വാദികള്‍ക്കും റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്നത്. അതിന്‍റെ പേരില്‍ കേസെടുത്ത് അവരെ പ്രതികളാക്കി അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷിയാകും. ഇതൊന്നും ഒരു കാരണവശാവും വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. "ഇത്രയും ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. ആരെങ്കിലും സമരം ചെയ്താല്‍ അവരൊക്കെ മാവോയിസ്റ്റുകളും തീവ്രവാദികളും അര്‍ബന്‍ നെക്‌സലൈറ്റുകളുമാണെന്ന് പറയും. അദ്ദേഹം കുടപിടിച്ചു കൊടുക്കുന്ന കുറ്റവാളികളായ സഖാക്കള്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ കേസെടുക്കും. ഇത് കേരളത്തില്‍ അനുവദിക്കില്ല. അതിനെതിരായ ശക്തമായ പോരാട്ടം നാളെ മുതലുണ്ടാകും. അടിയന്തരമായി വ്യാജ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം" - വി.ഡി സതീശന്‍ പറഞ്ഞു. പോലീസിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. പോലീസിന്‍റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. പോലീസിനെ നിയമിക്കുന്നത് പാര്‍ട്ടിക്കാരാണ്. പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രവര്‍ത്തകനിട്ട പോസ്റ്റ് പറവൂരിലെ സി.ഐയാണ് ലൈക്ക് അടിച്ചത്. ഏറാന്‍മൂളികളായ ഉദ്യോഗസ്ഥരെയാണ് എല്ലായിടത്തും നിയമിച്ചിരിക്കുന്നത്. വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസറെ വിരട്ടിയ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഭീരുത്വം കണ്ട് ജനങ്ങള്‍ ചിരിക്കുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സൈബര്‍ വെട്ടുക്കിളി സംഘങ്ങളുടെ സ്ഥിരം ഇരകളാണ്. സംഘപരിവാര്‍ സ്റ്റൈലിലാണ് കേരളത്തിലും ആക്രമണം നടക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.   https://www.youtube.com/watch?v=CbilJuaNEv4

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in