പാലക്കാട്: കേരള മനസ്സാക്ഷിയെ ഒന്നടങ്കം നടുക്കിയ അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ അതീവ നിര്‍ണ്ണായകമായ അന്തിമ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ മേച്ചേരില്‍ ഹുസൈനെ തെളിവുകളുടെ അഭാവത്തില്‍ കോടതി പൂര്‍ണ്ണമായി വെറുതെ വിട്ടു. വിചാരണക്കോടതി ഇയാള്‍ക്ക് വിധിച്ചിരുന്ന ഏഴ് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍, ശിക്ഷാവിധി ചോദ്യം ചെയ്ത് മറ്റ് പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതി പൂര്‍ണ്ണമായി തള്ളി. കേസിലെ 16 പ്രതികളില്‍ 13 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.
മധുവിനെ കാട്ടില്‍ വെച്ചും മുക്കാലിയില്‍ വെച്ചും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുമ്പോള്‍ ഒന്നാം പ്രതിയായ ഹുസൈന്‍ അതില്‍ നേരിട്ട് പങ്കാളിയായിരുന്നു എന്ന് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവസ്ഥലത്ത് ഇയാള്‍ ഉണ്ടായിരുന്നു എന്നതിനപ്പുറം, മധുവിനെ മര്‍ദ്ദിക്കുന്നതില്‍ ഇയാള്‍ക്ക് കൃത്യമായ പങ്കുണ്ടോ എന്നതില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. ഹുസൈന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരുടെ ഏഴ് വര്‍ഷത്തെ തടവും പിഴശിക്ഷയും ഹൈക്കോടതി ശരിവച്ചു. കൂടാതെ, ഈ പ്രതികള്‍ക്കെതിരെ 1989-ലെ എസ്സി/എസ്ടി നിയമത്തിലെ 325, 325 എ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
2018 മേയ് 20-നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധുവിനെ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്നത്. പ്രതികള്‍ തന്നെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് കേസില്‍ നിര്‍ണ്ണായക തെളിവായി മാറിയത്.
അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു