തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി സരസുവും ബന്ധുക്കളും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു. മധു വധക്കേസിലെ നിയമപോരാട്ടങ്ങളിലെ പുതിയ സാഹചര്യങ്ങളും തങ്ങളുടെ കടുത്ത ജീവല്‍പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് കുടുംബം മന്ത്രിയെ സന്ദര്‍ശിച്ചത്.
2026 മെയ് 25-നായിരുന്നു മധു വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി പുറത്തുവന്നത്. ശാസ്ത്രീയ-ഡിജിറ്റല്‍ തെളിവുകളുടെ അഭാവം മുന്‍നിര്‍ത്തി കേസിലെ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി. ഡി. സതീശന്‍ മധുവിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നതാണ്. വരുന്ന ഓഗസ്റ്റ് 25 നകം സുപ്രീം കോടതിയില്‍ അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കെ. എ. തുളസി ഉറപ്പ് നല്‍കി.
നിയമപോരാട്ടങ്ങള്‍ക്കൊപ്പം തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളും കുടുംബം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മധുവിന്റെ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് സഹോദരി സരസുവിന് അട്ടപ്പാടി തുടുക്കി അങ്കണവാടിയിലെ വര്‍ക്കാര്‍ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു. കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗമായ ഈ ജോലി പുനഃസ്ഥാപിച്ചു നല്‍കണമെന്ന് ഇവര്‍ മന്ത്രി കെ എ തുളസിയോട് ആവശ്യപ്പെട്ടു. 2024 ഫെബ്രുവരിയിലാണ് സരസുവിനെ കഴിഞ്ഞ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഈ വിഷയം പ്രത്യേകമായി സര്‍ക്കാര്‍ പരിശോധിക്കാമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.
സരസുവിന്റെ മക്കളായ ആദിഷ്, ഹൃദ്യ എന്നിവരുടെ പഠനം തിരുവനന്തപുരം ഞാറനീലി ഇലഞ്ചിയത്ത് വകുപ്പിന് കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളിലേക്ക് മാറ്റി നല്‍കണമെന്ന് മധുവിന്റെ കുടുംബം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ രണ്ടും മൂന്നും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. എ. തുളസി വ്യക്തമാക്കി. മധുവിന്റെ കുടുംബം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തികച്ചും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ആവശ്യമായ അടിയന്തര നടപടികള്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.
അട്ടപ്പാടി മധുവിന്റെ കുടുംബം മന്ത്രി കെ. എ. തുളസിയെ സന്ദര്‍ശിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ ഓഗസ്റ്റ് 25 നകം അപ്പീൽ നൽകണമെന്ന് കുടുംബം, ഉറപ്പ് നല്‍കി മന്ത്രി