'സിപിഎം-ബിജെപി ഡീൽ പൊളിക്കും'; സിപിഎം തകർച്ചയുടെ വക്കിലെന്ന് വി.ഡി. സതീശൻ

യുഡിഎഫ് വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ഈ തന്ത്രം കേരളത്തിൽ നടപ്പിലാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മുമായുള്ള രഹസ്യ ധാരണ കാരണം ബിജെപി പലയിടങ്ങളിലും മത്സരരംഗത്ത് പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ, വെറും 29 ബാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ആയിരത്തോളം ബാറുകൾക്ക് അനുമതി നൽകിയെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മദ്യനയത്തെക്കുറിച്ച് യുഡിഎഫിനെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് യുഡിഎഫ് സന്നദ്ധമാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സിപിഎം നിലവിൽ വലിയ തകർച്ചയുടെ വക്കിലാണെന്നും പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ പ്രവർത്തകർ പുറത്തുപോകുന്ന സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും സതീശൻ നിരീക്ഷിച്ചു. പാർട്ടിക്കെതിരെ ശബ്ദമുയർത്തുന്നവരെ 'വർഗ്ഗവഞ്ചകർ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് നേതൃത്വം ചെയ്യുന്നത്. ആഭ്യന്തരമായ ഈ തകർച്ച മറച്ചുവെക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കുറ്റപത്രം തിരഞ്ഞെടുപ്പ് കഴിഞ്ഞേ സമർപ്പിക്കൂ എന്ന വാർത്തകൾ പുറത്തുവന്നതോടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ വ്യക്തമായതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. കേസിലെ പ്രതികളെല്ലാം സിപിഎം നേതാക്കളാണ്. അവർ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കുകയാണ്. പ്രതികൾക്കെതിരെ അച്ചടക്ക നടപടി പോലും സ്വീകരിക്കാൻ പാർട്ടി തയ്യാറാകാത്തത് അഴിമതിക്ക് നൽകുന്ന സംരക്ഷണമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.