നോട്ടിന് പിന്നാലെ സാരി വിതരണം; ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടിനായി പണം വിതരണം ചെയ്തു എന്ന ആരോപണത്തിന് പിന്നാലെ, വോട്ടർമാർക്ക് സാരി നൽകിയെന്ന പുതിയ പരാതിയും ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശോഭ സുരേന്ദ്രൻ നേരിട്ടും അല്ലാതെയും പണവും സാരിയും വിതരണം ചെയ്തെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പിരിയാരി പഞ്ചായത്തിലെ വിവിധ വീടുകളിൽ ബിജെപി പ്രവർത്തകർ സാരി നൽകുന്നതിന്റെ ചിത്രങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. സ്ഥാനാർത്ഥി നേരിട്ടെത്തിയാണ് സാരി വിതരണം നിർവ്വഹിച്ചതെന്ന ആരോപണവും ശക്തമാണ്. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ പങ്കെടുത്ത സ്ത്രീകൾ ഒരേ മാതൃകയിലുള്ള സാരി ധരിച്ചെത്തിയത് ഈ സംശയത്തിന് ബലമേകുന്നു. ബിജെപി കേന്ദ്രങ്ങളിൽ നിന്ന് നേരത്തെ വിതരണം ചെയ്ത സാരികളാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
വോട്ടിന് പണവും സാരിയും നൽകി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. സംഭവത്തിൽ കർശന നടപടി വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. വരും മണിക്കൂറുകളിൽ സാരി വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.