കോട്ടകള്‍ തകര്‍ന്നു, ചരിത്രം വഴിമാറി; മന്ത്രിമാര്‍ ഓരോന്നായി വീണു; കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'ക്ലീന്‍ സ്വീപ്പ്
കേരള രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഇടതുകോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്. പത്തു വര്‍ഷം നീണ്ടുനിന്ന എല്‍ഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 140-ല്‍ 102 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തില്‍ ഭരണകക്ഷിയായ എല്‍ഡിഎഫ് വെറും 34 സീറ്റുകളിലേക്ക് കൂപ്പുകുത്തി. എന്‍ഡി എ മൂന്ന് സീറ്റുകള്‍ നേടി.
'സെഞ്ചുറിയടിച്ച് അധികാരത്തിലെത്തും' എന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയാണ് കണ്ടത്. കോണ്‍ഗ്രസ് 64 സീറ്റുകള്‍ നേടി സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയപ്പോള്‍, 22 സീറ്റുകളുമായി മുസ്ലിം ലീഗും റെക്കോര്‍ഡ് ഇട്ടു. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ എല്‍ഡിഎഫ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 13-ല്‍ 12 സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് അരനൂറ്റാണ്ടിന് ശേഷവും കോഴിക്കോട് 20 വര്‍ഷത്തിന് ശേഷവും കോണ്‍ഗ്രസിന് ജയിക്കാനായത് ഇരട്ടി മധുരമായി.
മന്ത്രിപ്പട നിലംപരിശായപ്പോള്‍ പിണറായിക്കും അടിതെറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മടത്ത് ആദ്യ ആറ് റൗണ്ടുകളിലും അദ്ദേഹം പിന്നിലായിരുന്നു. 2021-ല്‍ 50,000-ത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലം ഇത്തവണ മുഖ്യമന്ത്രിയെ വിയര്‍പ്പിച്ചു. മന്ത്രിസഭയിലെ 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്. വി. ശിവന്‍കുട്ടി, പി. രാജീവ്, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, ആര്‍. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖരെല്ലാം പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ സീറ്റ് നിലനിര്‍ത്തി.
പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് ഏറ്റുമുട്ടിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പരാജയപ്പെട്ടു. അതേസമയം, പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തി മുസ്ലിം ലീഗിന്റെ യുവ സാരഥി ഫാത്തിമ തഹിലിയ ചരിത്രം കുറിച്ചു. ഇതോടെ ലീഗിന് നിയമസഭയില്‍ ആദ്യമായി ഒരു വനിതാ പ്രതിനിധിയെയും ലഭിച്ചു.
വിമതരുടെ പടയോട്ടമാണ് ജനവിധിയില്‍ കണ്ടത്. സിപിഎമ്മിന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് പാര്‍ട്ടി കോട്ടകളില്‍ സിപിഎം വിമതര്‍ നേടിയ വിജയം ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. അമ്പലപ്പുഴയില്‍ ജി. സുധാകരനും പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററും യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പി.കെ. ശശിക്കും എ. സുരേഷിനും വിജയിക്കാനായില്ല.
യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റുകള്‍ നേടി ബിജെപി സാന്നിധ്യമറിയിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും, ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും വിജയിച്ചു. കടുത്ത പോരാട്ടം നടന്ന കഴക്കൂട്ടത്തും ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ വിജയിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. വരും ദിവസങ്ങളില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.