Logo
Tue, Aug 04, 2026 • 09:00 PM
LIVE TV
Watch

No business videos available

No Middle East videos available

ദുരന്തബാധിതർക്കു സ്ഥിരം പുനരധിവാസം ഉറപ്പാക്കും; റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്താൻ മന്ത്രി അനൂപ് ജേക്കബ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2026
1 min read
SHARE:
SAVE: Login to save

ദുരന്തബാധിതർക്കു സ്ഥിരം പുനരധിവാസം ഉറപ്പാക്കും; റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്താൻ മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പ്രകൃതിദുരന്തം നേരിട്ട ഇടുക്കി ജില്ലയിൽ ദുരന്തബാധിതർക്കായി സ്ഥിരമായ പുനരധിവാസം ഉറപ്പാക്കുമെന്നും തകർന്ന റോഡുകളും പാലങ്ങളും കലുങ്കുകളും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നിർദേശിച്ചു.

ജില്ലയിലെ എംഎൽഎമാർ, എംപിമാർ, ജില്ലാ കലക്ടർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഓൺലൈൻ അവലോകന യോഗത്തിലാണ് മന്ത്രി നിർണായക നിർദേശങ്ങൾ നൽകിയത്. ഡാമുകളുടെ നിലവിലെ സ്ഥിതി, റോഡുകളുടെ അപകടാവസ്ഥ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, പുനരധിവാസം, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. മഴ മുന്നറിയിപ്പുകളിൽ തുടർച്ചയായി മാറ്റം സംഭവിക്കാനിടയുള്ളതിനാൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 28 വില്ലേജുകൾ ദുരന്തബാധിത മേഖലയായി കണക്കാക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 138 കുടുംബങ്ങളിൽ നിന്നുള്ള 326 പേരാണ് കഴിയുന്നത്.

ഓഗസ്റ്റ് 4 വരെയുള്ള കണക്കുകൾ പ്രകാരം 46 പൊതുമരാമത്ത് റോഡുകൾക്ക് നാശനഷ്ടമുണ്ടായതോടെ ഏകദേശം 9 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 71 തദ്ദേശ റോഡുകൾ തകർന്നതിലൂടെ ഒരു കോടി രൂപയുടെ നഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 33 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചതോടെ 1.36 കോടി രൂപയുടെ കാർഷിക നഷ്ടവും രേഖപ്പെടുത്തി. പരുക്കേറ്റ എല്ലാവരുടെയും ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും ആവശ്യമായവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് നിലവിൽ പരാതികളില്ലെന്നും, ക്യാമ്പുകളിൽ നിന്ന് മടങ്ങുന്ന കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള മൺതിട്ട അടിയന്തരമായി നീക്കം ചെയ്യാൻ ദേശീയപാത, പൊതുമരാമത്ത്, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തണം. മൂന്നാർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

പുല്ലുപാറ–അമലഗിരി റോഡിന്റെ അടിഭാഗം മണ്ണൊലിപ്പിനെ തുടർന്ന് അപകടാവസ്ഥയിലായതിനാൽ അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി സ്ഥിരമായി പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു.

വാഗമണ്ണിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിലെ 23 കുടുംബങ്ങൾക്ക് നിലവിൽ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവർക്ക് ഭൂമിയും വീടും നൽകി സ്ഥിരം പുനരധിവാസം ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇല്ലിക്കക്കല്ല് റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ അവിടെയുള്ള ആദിവാസി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പകരം ഭൂമി നൽകി പുനരധിവസിപ്പിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മുല്ലപ്പെരിയാർ ജലം എത്തിക്കുന്ന ആനവച്ചാൽ കനാലിലെ ഷട്ടറുകൾ പൂർണമായി തുറക്കാത്തതിനാൽ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. തമിഴ്നാട് സർക്കാരിന് കൂടുതൽ വെള്ളം ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് കത്തയയ്ക്കുമെന്നും, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും നിലവിൽ 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. കല്ലാർ, കല്ലാർകുട്ടി, മലങ്കര, ലോവർ പെരിയാർ ഡാമുകൾ നിരന്തരം നിരീക്ഷണത്തിലാണെന്നും, ഇടുക്കി ഡാമിൽ 48 ശതമാനം മാത്രമാണ് ജലനിരപ്പുള്ളതിനാൽ നിലവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10