കനത്ത മഴ: പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 5, 2026) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുക.
കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി അനുവദിച്ച് ജില്ലാ കലക്ടർ ഷാജി വി നായർ ഉത്തരവിറക്കി. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കാസർകോട് ജില്ലയിൽ സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം സർവകലാശാലാ പരീക്ഷകൾക്കും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.
അതിനിടെ, ഏറ്റവും പുതിയ റഡാർ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.