ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ബോംബെ ഹൈക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനാണ് കോടതി തേജ്പാലിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ തരുണ്‍ തേജ്പാലിന് 10 വര്‍ഷത്തെ കഠിനതടവാണ് ബോംബെ ഹൈക്കോടതി വിധിച്ചിരുന്നത്. 2013 നവംബറില്‍ ഗോവയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് ജൂനിയര്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്.
2021 മേയില്‍ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയെയും സ്വഭാവത്തെയും തെറ്റായ രീതിയില്‍ വിലയിരുത്തിയാണ് വിചാരണക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി, വിചാരണക്കോടതിയുടെ വിധി റദ്ദാക്കുകയും തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തരുണ്‍ തേജ്പാലിന് സുപ്രീം കോടതിയില്‍ തിരിച്ചടി; രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം