ചെന്നൈ: തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മുഖ്യമന്ത്രി വിജയ്. തടവുകാർക്ക് ലഭിക്കുന്ന ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സംവിധാനങ്ങൾ എന്നിവ നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി ജയിലിലെത്തിയത്. സന്ദർശനത്തിനിടെ തടവുകാരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിച്ചു. അവരുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിഞ്ഞ വിജയ്, ജയിലിലെ സൗകര്യങ്ങളെക്കുറിച്ചും തടവുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നാണ് പുഴൽ സെൻട്രൽ ജയിലെന്ന് സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.പുഴൽ സെൻട്രൽ ജയിലിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മുഖ്യമന്ത്രി പരിശോധന നടത്തി. ക്വാറന്റീൻ സോൺ, സന്ദർശക ഹാൾ, ജയിൽ ആശുപത്രി, ലഹരിവിമുക്ത പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളിൽ അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജിലെ ക്ലാസ് മുറികൾ, ലൈബ്രറി, അഡ്വാൻസ്ഡ് കംപ്യൂട്ടർ പരിശീലന കേന്ദ്രം എന്നിവയും മുഖ്യമന്ത്രി സന്ദർശിച്ചു. ഉയർന്ന സുരക്ഷാ ബ്ലോക്കും വധശിക്ഷ നടപ്പാക്കുന്ന സ്ഥലവും ഉൾപ്പെടെയുള്ള ജയിലിലെ വിവിധ വിഭാഗങ്ങളിലും പരിശോധന നടത്തി.തടവുകാരുടെ ക്ഷേമം, പുനരധിവാസം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം തുടങ്ങിയ മേഖലകളിലെ സംവിധാനങ്ങളും സന്ദർശനത്തിനിടെ മുഖ്യമന്ത്രി വിലയിരുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജയിൽ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി വിജയ് പുഴൽ പൊലീസ് സ്റ്റേഷനിലും എത്തി. സ്റ്റേഷനിലെ രജിസ്റ്ററുകൾ പരിശോധിച്ച അദ്ദേഹം ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം, രേഖകൾ, പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥരിൽനിന്ന് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
പുഴൽ സെൻട്രൽ ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മുഖ്യമന്ത്രി വിജയ്; തടവുകാരുടെ പരാതികൾ നേരിട്ട് കേട്ടു