സംസ്ഥാനത്ത് പാമ്പുകടി ഭീതി; കണ്ണൂരിൽ വയോധിക ചികിത്സയിലിരിക്കെ മരിച്ചു; കൊല്ലത്ത് തൊഴിലാളിക്കും ചെറായിൽ വിനോദസഞ്ചാരിക്കും കടിയേറ്റു

കണ്ണൂരിൽ പാമ്പുകടിയേറ്റ വിവരം പുറത്തുപറയാതിരുന്ന വയോധിക ചികിത്സയിലിരിക്കെ മരിച്ചു. കല്ലടത്ത് സ്വദേശി നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. എന്നാൽ വിഷപ്പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാതിരുന്ന ഇവർ വിവരം ആരോടും പറയാതെ മുറിയിൽ പോയി കിടന്നു. പിന്നീട് കാഴ്ച മങ്ങുകയും ശരീരത്തിന് തളർച്ച അനുഭവപ്പെടുകയും ചെയ്തതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് 30 ഡോസ് ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് ഇവരെ കടിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊല്ലം രാമൻകുളങ്ങരയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശിയായ സുദേവനാണ് ഇന്ന് രാവിലെ ജോലി ചെയ്യുന്നതിനിടെ കടിയേറ്റത്. കാലിൽ കടിച്ചത് 'ചുരുട്ട' ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സമയത്തിന് ആന്റിവെനം നൽകിയതിനാൽ സുദേവന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എറണാകുളം ചെറായിയിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവതിക്കും പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്കാണ് ചെറായിലെ റിസോർട്ടിൽ വെച്ച് കടിയേറ്റത്. കാലിന്റെ വിരലിന് കടിയേറ്റ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ഞലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഏത് ഇനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല. പാമ്പുകടിയേറ്റാൽ ആദ്യത്തെ ഒരു മണിക്കൂർ അഥവാ 'ഗോൾഡൻ അവർ' അതീവ നിർണ്ണായകമാണെന്നും ഉടൻ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.