ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന 'ലാർ ഗിബ്ബൺ' ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി വീഡിയോ ചിത്രീകരിച്ച സാഹചര്യവും കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണമെന്ന് വിക്രമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ ലൊക്കേഷനിൽ നേരിട്ടെത്തിയാണ് വനം വകുപ്പ് അധികൃതർ നോട്ടീസ് കൈമാറിയത്. സംഭവം വിവാദമായതോടെ വിക്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് റീൽ നീക്കം ചെയ്തിരുന്നു.
ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരം അതിതീവ്ര സംരക്ഷണ പട്ടികയിലുള്ള മൃഗമാണ് ലാർ ഗിബ്ബൺ. വിക്രമിന്റെ ബന്ധുവിന് ഈ കുരങ്ങിനെ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണ്. ഈറോഡിലെ ഒരു ബിസിനസുകാരനാണ് കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചതെന്നാണ് കണ്ടെത്തൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഏഴ് ആഫ്രിക്കൻ കാട്ടുപൂച്ചകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്ന് എത്തിച്ചതാണെന്നാണ് മൊഴി. വന്യജീവികളെ കൈവശം വെക്കുന്നതിലും കൈമാറ്റം ചെയ്തതിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വനം വകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്.