കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയെ നോക്കുകുത്തിയാക്കി എസ്എഫ്ഐ സമാന്തര സർവകലാശാലകളെ പോലെ പ്രവർത്തിക്കുകയാണെന്ന് കെഎസ്‌യു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് ജോലി നേടിയ കെ വിദ്യയെ പിടിക്കാന്‍ തയാറാകാത്ത കേരള പോലീസ് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് പറഞ്ഞു.
എസ്എഫ്ഐ നേതാവായിരുന്ന കെ വിദ്യ എന്ന വ്യക്തി വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് വിവിധ സർക്കാർ കോളേജുകളിൽ ഗസ്റ്റ് ലക്ചർ ആയി ജോലി ചെയ്തു വരുന്നതിനെ തുടർന്ന് പിടിക്കപ്പെട്ടു എങ്കിലും വിദ്യയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി മഹാരാജസ് കോളേജിൽ നിന്നും പരീക്ഷ എഴുതാതെ ജയിച്ച സംഭവം വാർത്തയാക്കിയ മാധ്യമ പ്രവർത്തകർക്കും പ്രതിഷേധിച്ച കെഎസ്‌യു നേതാക്കൾക്കും എതിരെ കേസ് എടുക്കുകയാണ് കേരള പോലീസ് ചെയ്തത്. നിഖിൽ തോമസ് എന്ന എസ്എഫ്ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പി.ജി പ്രവേശനം നേടിയ ഗുരുതരമായ വിഷയവും പുറത്തുവന്നിരിക്കുകയാണ്.
നിരന്തരമായി ഉന്നത വിദ്യാഭാസ മേഖലയെ നോക്കുകുത്തിയാക്കി എസ്എഫ്ഐ സമാന്തര സർവകലാശാലകളെ പോലെ പ്രവർത്തിക്കുന്നു എന്നത് അപഹാസ്യമാണെന്ന് കെഎസ്‌യുസംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് പറഞ്ഞു.
കേരളത്തിലെ വിവിധ സർവകാലാശാലകളിൽ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി അപേക്ഷ നൽകി ആഴ്ചകളും മാസങ്ങളും കാത്തുനിൽക്കുമ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റിന്‍റെ പിൻബലത്തിൽ പൊതുസമൂഹത്തെ വിഡ്ഡികൾ ആക്കി എസ്എഫ്ഐ നേതാക്കൾ ഉന്നതവിദ്യാഭാസ മേഖലയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്നും അർജുൻ കറ്റയാട്ട് ചൂണ്ടിക്കാട്ടി.