കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ കാറപകടത്തില്‍ അമിതവേഗമായിരുന്നു ദുരന്തത്തിന് വഴിവെച്ചതെന്ന് ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് അന്വേഷണസംഘം കണ്ടെത്തിയ നിഗമനങ്ങളെ ശരിവെക്കുന്ന വിവരങ്ങളാണ് ബി.എം.ഡബ്ല്യു ഇന്ത്യ അന്വേഷണസംഘത്തിന് കൈമാറിയത്.
വാഹനത്തിന്റെ അഡ്വാന്‍സ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം, അപകടത്തിന് 5 സെക്കന്‍ഡ് മുമ്പ് കാറിന്റെ വേഗത മണിക്കൂറില്‍ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ തൊട്ടുമുമ്പുള്ള സമയത്ത് വേഗത 144 കിലോമീറ്ററായിരുന്നുവെന്നും അപകടത്തിന് ഒരു സെക്കന്‍ഡ് മുമ്പ് മാത്രമാണ് ബ്രേക്ക് അമര്‍ത്തിയതെന്നും ക്രാഷ് ഡാറ്റ വ്യക്തമാക്കുന്നു.
നേരത്തെ അപകടസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം വാഹനം 500 മീറ്റര്‍ ദൂരം വെറും 11 സെക്കന്‍ഡ് കൊണ്ടാണ് പിന്നിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് കമ്പനിയുടെ ഡാറ്റാ പരിശോധന വലിയ ശാസ്ത്രീയ തെളിവാകും. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ആലുവ ഡി.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ് മുമ്പ് മാത്രം; നെടുമ്പാശ്ശേരി അപകടത്തില്‍ അമിതവേഗം സ്ഥിരീകരിച്ച് കാർ കമ്പനി