രാജ്പുര: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന കർമഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. രാജ്പുരക്ക് സമീപം സരായ് ബഞ്ജാര റെയിൽവേ സ്റ്റേഷന് അടുത്താണ് സംഭവം. ബോഗിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിപ്പിക്കുകയായിരുന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു.
അമൃത്സറിൽനിന്ന് പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേക്ക് പോവുകയായിരുന്ന 12508 നമ്പർ കർമഭൂമി എക്സ്പ്രസ് ബസന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപടർന്നത്. എൻജിനിൽനിന്ന് അഞ്ചാമതുള്ള കോച്ചിലാണ് ആദ്യം തീ കണ്ടത്. പിന്നീട് സമീപത്തെ മൂന്ന് കോച്ചുകളിലേക്ക് കൂടി തീ പടരുകയായിരുന്നു. കോച്ചുകളിൽനിന്ന് കനത്ത പുകയും തീയുമുയർന്നതോടെ പരിഭ്രാന്തിയിലായ യാത്രക്കാർ ട്രെയിൻ നിർത്തിയ ഉടൻ പുറത്തേക്കോടി.
വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. ട്രെയിനിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആളപായമില്ല