ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന 'തർക്കം' എന്ന ചിത്രം 31-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലേക്ക് (IFFK) തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ ചെയ്ത സിനിമകളുടെ നിർമ്മാണ രീതിയിൽ നിന്നും വ്യത്യസ്തമായി കൊടുങ്ങല്ലൂർ ഭരണിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം തനിക്ക് വ്യക്തിപരമായി വലിയ സംതൃപ്തി നൽകിയ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. ചിത്രത്തിനായി രാപകലില്ലാതെ ആത്മാർത്ഥമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ഡബ്ല്യു.എൽ.ഒ എന്റർടൈൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെബിൻ ജേക്കബാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശസ്ത തമിഴ് റാപ്പർ അറിവ് ആദ്യമായി ഒരു മലയാള ചിത്രത്തിൽ പാടി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും 'തർക്ക'ത്തിനുണ്ട്. കൂടാതെ, വിഖ്യാത മ്യൂസിക് പ്രൊഡ്യൂസറും ഗ്രാമി അവാർഡ് നോമിനിയുമായ ജർമ്മനിയിലെ ബെർലിനിൽ നിന്നുള്ള വിക്ടർ വാൻ ഹ്യു ഈ ചിത്രത്തിന്റെ സൗണ്ട് സൂപ്പർവൈസറായും, സംവിധായകൻ സജിൻ ബാബുവുമായി ചേർന്ന് സൗണ്ട് ഡിസൈനിംഗിലും പ്രവർത്തിക്കുന്നു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ റിയലിസ്റ്റിക് ത്രില്ലർ ചിത്രം കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ഒരേസമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച് നാല് ഛായാഗ്രാഹകരുടെ മേൽനോട്ടത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ് എന്നിവരാണ് മറ്റ് ഛായാഗ്രാഹകർ. എഡിറ്റിംഗ്- അപ്പു ഭട്ടതിരി, സംഗീതം- സൈദ് അബ്ബാസ്, ലൈൻ പ്രൊഡ്യൂസർ- ഷാജി അസീസ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ- ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ്- ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി. സുരേഷ്, മേക്കപ്പ്- സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർമാർ- സോനു രാമകൃഷ്ണൻ, ജാസിർ, അസിസ്റ്റന്റ് ഡയറക്ടർ- സുബിൻ ജോർജ്, പ്രൊജക്ട് ഡിസൈനർ- അരുൺ സോൾ, കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർമാർ- ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ.സി. അശോകൻ, സെക്കൻഡ് യൂണിറ്റ് ഛായാഗ്രഹണം- റാം രാഘവ്, മാർക്കറ്റിംഗ്- പ്രതീഷ് ശേഖർ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, പി.ആർ.ഒ- എ.എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.