സമൂഹമാധ്യമങ്ങളിൽ എപ്പോഴും സജീവമായ നാഷണൽ ക്രഷ് രശ്മിക മന്ദാന തന്റെ ജപ്പാൻ യാത്രയുടെ മനോഹരമായ ചില ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അഭിനയത്തിനൊപ്പം തന്നെ യാത്രകളെയും പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനെയും ഒരുപാട് സ്നേഹിക്കുന്ന താരം കൂടിയാണ് രശ്മിക. "ജപ്പാൻ ഈ വർഷം കൂടുതൽ രസകരമായിരുന്നു" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ആരാധകരുടെ കണ്ണുടക്കിയത് രശ്മികയുടെ മുന്നിലിരിക്കുന്ന ആ വലിയ വിഭവത്തിലാണ്. കാഴ്ചയിൽ തന്നെ കൊതിപ്പിക്കുന്ന ആ ജാപ്പനീസ് സ്പെഷ്യൽ ഡെസേർട്ടിന്റെ വിശേഷങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ചിത്രത്തിൽ രശ്മികയുടെ മുന്നിലിരിക്കുന്നത് ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ഡെസേർട്ടുകളിൽ ഒന്നായ 'ഹാപ്പി പാൻകേക്ക്' അഥവാ ജാപ്പനീസ് സൂഫ്ലെ പാൻകേക്ക് ആണ്. സാധാരണ നമ്മൾ കഴിക്കുന്ന പരന്ന പാൻകേക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്. കണ്ടാൽ ഒരു പഞ്ഞിമിഠായി പോലെയോ അല്ലെങ്കിൽ മേഘക്കൂട്ടം പോലെയോ തോന്നിപ്പിക്കുന്ന അത്രയും മൃദുവായ ഒന്നാണിത്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന ഈ പാൻകേക്കുകൾക്ക് ലോകമെമ്പാടും വലിയ ആരാധകരാണുള്ളത്. രശ്മികയുടെ ചിത്രത്തിൽ കാണുന്നത് പോലെ മുകളിൽ അല്പം ഐസിങ് ഷുഗറും വിപ്പിംഗ് ക്രീമും ഐസ്ക്രീമും പുതിനയിലയും ഒക്കെ ചേർത്താണ് ഇത് സാധാരണയായി വിളമ്പുന്നത്.
ഇത്രയും കട്ടിയുള്ളതും എന്നാൽ മൃദുവായതുമായ ഈ പാൻകേക്ക് തയ്യാറാക്കുന്നത് തന്നെ ഒരു കലയാണ്. മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് എടുക്കുന്നതാണ് ഇതിന്റെ പ്രധാന ഘട്ടം. ഇതിലേക്ക് മറ്റ് ചേരുവകൾ വളരെ ശ്രദ്ധയോടെ യോജിപ്പിച്ച് ഒരു അടപ്പുള്ള പാത്രത്തിൽ കുറഞ്ഞ തീയിൽ ആവികയറ്റി വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പാൻകേക്കുകൾക്കുള്ളിൽ വായു നിറയുകയും അവ നന്നായി പൊങ്ങിവന്ന് പഞ്ഞിപോലെ മൃദുവാകുകയും ചെയ്യും. ജപ്പാനിലെ കഫേകളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഒരു വിഭവമാണിത്.
രശ്മിക പാൻകേക്കിനൊപ്പം സട്രോ ഉപയോഗിച്ച് കുടിക്കുന്ന ആ പച്ച നിറത്തിലുള്ള പാനീയവും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അത് മറ്റൊന്നുമല്ല, ജപ്പാനിലെ പ്രശസ്തമായ ഐസ്ഡ് മാച്ചാ ലാറ്റെ ആണ്. ഉയർന്ന ഗുണനിലവാരമുള്ള ഗ്രീൻ ടീയുടെ ഇലകൾ പൊടിച്ച് തയ്യാറാക്കുന്ന ഈ പാനീയം ജാപ്പനീസ് ഭക്ഷണസംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മധുരം നിറഞ്ഞ ഹാപ്പി പാൻകേക്കിനൊപ്പം അല്പം കയ്പ്പും മധുരവും ചേർന്ന തണുത്ത മാച്ചാ ലാറ്റെ കുടിക്കുന്നത് അവിടുത്തെ ഒരു ക്ലാസിക് കോമ്പിനേഷനാണ്.