സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിൽ സാധാരണക്കാരും വ്യാപാരികളും കടുത്ത ആശങ്കയിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കിലോയ്ക്ക് 30 രൂപ വരെയാണ് വിവിധ ഇനം അരികൾക്ക് വർധിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള പൊന്നി, പച്ചരി ഇനങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില കൂടിയത്. വിളവെടുപ്പിലുണ്ടായ കുറവും ജലക്ഷാമവുമാണ് അരിവില വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൊന്നി അരിക്ക് റെക്കോർഡ് വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്; ഒറ്റയടിക്ക് 30 രൂപ കൂടി 60 രൂപയിൽ നിന്നും 90 രൂപയിലേക്കാണ് വില എത്തിയത്. കോല അരിയുടെ ചില്ലറ വില 105 രൂപയായി ഉയർന്നു. മട്ട, ജയ അരികൾക്ക് 10 രൂപയും കുറുവ അരിക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയുമാണ് വർധിച്ചത്. അതേസമയം, കോഴിക്കോട് വിപണിയിൽ മട്ട അരിക്ക് 50 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.
പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പൊന്നി അരി എത്തുന്നത്. ഈ സംസ്ഥാനങ്ങളിലുണ്ടായ കൃഷിനാശവും ജലക്ഷാമവും വിപണിയിലെ അരി ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനുപുറമെ, എഥനോൾ ഉത്പാദനത്തിനായി ഭക്ഷ്യധാന്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്ക് കുറയാനും വിലക്കയറ്റത്തിനും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
അരിയിൽ നിന്നുള്ള എഥനോൾ ഉത്പാദനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം രാജ്യത്തെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആശങ്ക പ്രകടിപ്പിച്ചു.
സാധാരണക്കാരന്റെ നടുവൊടിച്ച് അരിവിലക്കയറ്റം; മൂന്ന് മാസത്തിനിടെ വർധിച്ചത് 30 രൂപ വരെ