കേരളത്തിൽ വിപണിയിലെത്തുന്ന പച്ചക്കറികളിൽ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളും മാരകമായ കീടനാശിനികളും കണ്ടെത്തിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 1258 പച്ചക്കറി സാമ്പിളുകൾ ശേഖരിച്ച് കൃഷിവകുപ്പിന്റെ ഔദ്യോഗിക ലാബുകളിൽ നടത്തിയ പരിശോധനയിൽ 62 സാമ്പിളുകളിലും ക്രമാതീതമായ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1200-ലധികം സാമ്പിളുകൾ ശേഖരിച്ച് സർക്കാർ ലാബുകൾ വഴി പരിശോധിച്ച് കൃത്യമായ കണക്കുകൾ പുറത്തുവിടുന്നത്.
നമ്മുടെ നാട്ടിൽ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നവയാണ്. ഇത്തരം പച്ചക്കറികളിലാണ് വലിയ തോതിൽ മാരകമായ രാസവളപ്രയോഗവും വിളവെടുത്ത ശേഷമുള്ള രാസവസ്തു തളിക്കലും നടക്കുന്നത്. ചെറിയ പാടുകളോ കേടുകളോ ഇല്ലാത്ത പച്ചക്കറികൾ ആവശ്യപ്പെടുന്ന ഉപഭോക്താക്കളുടെ പ്രവണതയാണ് ഇതിലേക്ക് നയിക്കുന്നത്. അറിയാതെയാണെങ്കിലും സ്വന്തം കുടുംബാംഗങ്ങൾക്ക് പച്ചക്കറികൾക്കൊപ്പം കീടനാശിനികൾ കൂടി വാങ്ങി നൽകേണ്ടിവരുന്ന ദാരുണമായ സാഹചര്യത്തിലൂടെയാണ് മലയാളി സമൂഹം കടന്നുപോകുന്നത്. ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതും ജീവിതശൈലി രോഗങ്ങൾ ഏറ്റവും കൂടുതലുള്ളതും മലയാളികൾക്കാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ 90 ശതമാനവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത് എന്നതിനാൽ, ഇതര സംസ്ഥാന പച്ചക്കറികൾക്ക് പെട്ടെന്ന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ല. അങ്ങനെ ചെയ്താൽ സംസ്ഥാനത്ത് കടുത്ത പച്ചക്കറി ക്ഷാമവും വൻ വിലക്കയറ്റവും ഉണ്ടാകും. അതിനാൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാണ് കൃഷിവകുപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 'കതിർ' പദ്ധതിയിലൂടെ കുട്ടികളിൽ ബോധവൽക്കരണം നൽകാനും കൃഷി മേഖലയിലേക്ക് തിരികെ എത്തിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
വീടുകളിൽ സ്ഥലം ഇല്ലെങ്കിലും മട്ടുപ്പാവിലോ വീട്ടുമുറ്റത്തോ ക്യാരി ബാഗുകളിൽ തടങ്ങളുണ്ടാക്കി വിഷരഹിത കൃഷി ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മന്ത്രി ഓർമിപ്പിച്ചു. വീടുകൾക്ക് പുറമെ സ്കൂളുകൾ, ഐ.ടി കമ്പനികൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ കൂടി പങ്കാളികളാക്കിക്കൊണ്ട് വിഷരഹിത പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള വലിയൊരു പദ്ധതി വിജയിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്