കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിനോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കായി സപ്ലൈകോ പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർ 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപയുടെ വിലക്കുറവ് ലഭിക്കും. നവംബർ 1 മുതൽ നവംബർ 7 വരെയാണ് മുതിർന്ന പൗരന്മാർക്കുള്ള ഈ പ്രത്യേക ഓഫർ ലഭ്യമാകുക.
ഇതിനുപുറമേ, മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും സപ്ലൈകോ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരി മഞ്ഞൾപ്പൊടി, ശബരി മല്ലിപ്പൊടി, ശബരി മുളകുപൊടി എന്നിവയുടെ 100 ഗ്രാമിന്റെ പാക്കറ്റുകൾക്ക് 7 ശതമാനം വിലക്കുറവ് ലഭിക്കും.
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ശബരി പായസമിക്സിന് നവംബർ 1 മുതൽ നവംബർ 30 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 10 ശതമാനം വിലക്കുറവും നൽകുന്നുണ്ട്. 'മ' അക്ഷരത്തിൽ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്കും പായസമിക്സിനുമുള്ള ഈ ഓഫറുകൾ പ്രായഭേദമന്യേ സപ്ലൈകോയുടെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായിരിക്കും.
കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ