'തര്‍ക്കങ്ങള്‍ ജനങ്ങള്‍ക്ക് ചിരിക്കാനുള്ള ഡിജിറ്റല്‍ കണ്ടന്റാക്കരുത്, മുതിര്‍ന്ന താരങ്ങള്‍ ഇടപെടണം'; 'അമ്മ' വിവാദത്തില്‍ രമേശ് പിഷാരടി എംഎല്‍എ
താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പൊതുവേദിയിലും മാധ്യമങ്ങളിലും വിഴുപ്പലക്കി വഷളാക്കരുതെന്ന് നടനും എംഎൽഎയുമായ രമേശ് പിഷാരടി ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാനുള്ള വെറും 'ഡിജിറ്റൽ കണ്ടന്റ്' ആക്കി മാറ്റരുതെന്നും, അടിയന്തരമായി ആഭ്യന്തര യോഗം വിളിച്ച് ചേർത്ത് പ്രശ്ന പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തർക്കങ്ങളിൽ സംഘടനയിലെ അംഗങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്ന് പിഷാരടി വ്യക്തമാക്കിയത്.
വിഷയവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഭാരവാഹികളായ അൻസിബ ഹസ്സൻ, ടിനി ടോം, ശ്വേത മേനോൻ എന്നിവരുമായി താൻ സംസാരിച്ചതായി പിഷാരടി വെളിപ്പെടുത്തി. സിനിമ എന്ന ഗ്ലാമർ ലോകത്തിന് പുറത്തുള്ള, ഒട്ടനവധി പ്രായമായ കലാകാരന്മാരുടെ ജീവനോപാധിയും പെൻഷനും മുടങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ തർക്കങ്ങൾ സംഘടനയുടെ നിലനിൽപ്പിനെ ബാധിക്കരുത്.
താൻ വിജയിച്ച ഒരു തിരഞ്ഞെടുപ്പിൽ, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടി താൻ മാറിക്കൊടുത്ത സീറ്റിലേക്കാണ് അൻസിബ ഹസ്സൻ എത്തിയതെന്ന് പിഷാരടി ഓർമ്മിപ്പിച്ചു. നിലവിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുടെ സഹായം തേടണമെന്നും അടിയന്തര യോഗം വിളിച്ച് പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.