ജനങ്ങളെ ചേർത്തുപിടിച്ച് സർക്കാർ; പാരിയത്ത് കാവ് ഭവന പദ്ധതിക്ക് തുടക്കമായി, വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി എം. ജോൺ
എറണാകുളം: പാരിയത്ത്ക്കാവിലെ പ്രദേശവാസികളായ ഏഴ് കുടുംബങ്ങൾക്ക് സർക്കാർ മുൻകൈയെടുത്ത് നിർമ്മിച്ച് നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവ്വഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്ന വി.ഡി. സതീശൻ സർക്കാരിന്റെ നയത്തിന്റെ വിജയമാണ് ഇവിടെ കാണുന്നതെന്ന് ശിലാസ്ഥാപനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി. പാരിയത്ത്ക്കാവിലെ വീടുകളുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍.
"കുടുംബങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതുകൊണ്ട് മാത്രം സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. തുടർന്നും ഇവർക്ക് എല്ലാവിധ പരിഗണനയും സഹായവും ലഭ്യമാക്കും. നിയമത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾക്കപ്പുറം ജനാധിപത്യ സംവിധാനം ജനങ്ങളെ ചേർത്തുപിടിച്ചാൽ ഏത് പ്രതിസന്ധിക്കും പരിഹാരമുണ്ടാകും. അകൽച്ചയിലായിരുന്ന ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അർദ്ധരാത്രിയോളം നടത്തിയ ചർച്ചകളാണ് ഒടുവിൽ ഫലം കണ്ടത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, വിവിധ വകുപ്പ് മന്ത്രിമാർ, ജില്ലാ ഭരണകൂടം, എ.ജി എന്നിവരുടെയെല്ലാം പ്രയത്നം ഇതിന് പിന്നിലുണ്ട്."
കുടുംബങ്ങളുടെ താല്പര്യം മാനിച്ച് കർക്കിടക മാസത്തിന് മുൻപായി 11 മുതൽ 11.45 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തറക്കല്ലീടൽ ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ റോജി എം. ജോൺ കൂട്ടിച്ചേർത്തു.
ഉന്നതി നിവാസികൾക്ക് അവർ താമസിക്കുന്ന അതേ വസ്തുവിൽ തന്നെയാണ് 1000 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടുകൾ നിർമ്മിച്ചു നൽകുന്നത്. സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടു കൂടിയ മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്നതാണ് വീടുകൾ. താമസക്കാരായ ഏഴ് കുടുംബങ്ങൾക്കുമായി 5 സെന്റ് വീതമുള്ള ഭൂമിയും അതിലേക്കുള്ള വഴിയും ഇതിനോടകം അളന്നു തിരിച്ചു നൽകി.
കുന്നത്തുനാട് എം.എൽ.എ വി. പി. സജീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയും നിർമ്മാണ കരാറുകാരനുള്ള അഡ്വാൻസ് തുകയുടെ ചെക്ക് കൈമാറുകയും ചെയ്തു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്.പി കെ.എസ്. സുദർശൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, ജില്ലാ പഞ്ചായത്ത് അംഗം പി.എ. മുക്താർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തൂലിൽ, അംഗം ടി.എ. മജീദ്, എ.എസ്.പി ഹർദ്ധിക് മീണ, എ.ഡി.എം കെ. മനോജ്, മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.