Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ക്രമക്കേടുകള്‍ തുറന്നുകാട്ടാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ഭയമില്ലാതെ സംസാരിക്കാനുള്ള ജനങ്ങളുടെ അവകാശം വീണ്ടെടുക്കും": തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

"ക്രമക്കേടുകള്‍ തുറന്നുകാട്ടാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ഭയമില്ലാതെ സംസാരിക്കാനുള്ള ജനങ്ങളുടെ അവകാശം വീണ്ടെടുക്കും": തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്നും രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ബുധനാഴ്ച ചിക്കാഗോ സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ റോബര്‍ട്ട് പേപ്പുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് കോണ്‍ഗ്രസും പ്രതിപക്ഷവും തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് എന്ന പ്രൊഫസര്‍ പേപ്പിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്നത് ഒരു പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യന്‍ ജനാധിപത്യം തങ്ങള്‍ക്ക് പവിത്രമാണെന്നും അതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത് പോലും തനിക്ക് പ്രയാസകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. "തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ ആ നിമിഷം തന്നെ ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കും, അതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയും പോരാടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ തന്ത്രം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പിന്മാറുന്നതിന് പകരം അതില്‍ തുടര്‍ന്ന് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുകയും പ്രതിപക്ഷ പ്രവര്‍ത്തകരെ ബാധിക്കുകയും ചെയ്യുമെന്നും, ജനാധിപത്യ ഘടനയെ ഇല്ലാതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയുന്നത് വരെ പോരാട്ടം തുടരുക എന്നതാണ് തങ്ങളുടെ നയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ നിന്ന് തന്നെ പ്രതിപക്ഷത്തിന് ഇപ്പോള്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. "തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഉള്ളില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നുണ്ട്. അതിനാല്‍ ആ സംവിധാനം തകരാന്‍ ഇനി അധികം സമയമില്ല. 'ഇനി ഞങ്ങള്‍ക്ക് ഇത് തുടരാനാവില്ല' എന്ന് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ പറയുന്നുണ്ട്," രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഭയമില്ലാതെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള ജനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കാനാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. "ഞങ്ങള്‍ ആ പോരാട്ടത്തിലാണ്, അതില്‍ ഞങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ആ സംവിധാനങ്ങള്‍ തകരാന്‍ അധികം സമയമില്ല. ജനാധിപത്യവിരുദ്ധമായ ഒരു ഇന്ത്യയെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രം നിലപാടല്ല, ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വികാരമാണ്. ഭയമില്ലാതെ സംസാരിക്കാനുള്ള ജനങ്ങളുടെ കരുത്ത് വീണ്ടെടുക്കുക തന്നെ ചെയ്യും," അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു ബ്രസീലിയന്‍ വനിത ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ 23 തവണ വോട്ട് ചെയ്തുവെന്ന ആരോപണവും കോണ്‍ഗ്രസ് എംപി ഉന്നയിച്ചു. അനര്‍ഹരായ 130 കോടി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് (SIR) നീക്കം ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ട്, 2024-ലെ തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍മാരാണ് വോട്ട് ചെയ്തതെങ്കില്‍ ആ തിരഞ്ഞെടുപ്പ് എങ്ങനെ നിയമപരമാകുമെന്നും അദ്ദേഹം ചോദിച്ചു.

2014-ലെ തിരഞ്ഞെടുപ്പില്‍ പോലും ഭൂരിപക്ഷത്തിലെ അസ്വാഭാവികത കാരണം എന്തോ തകരാറുണ്ടെന്ന് തങ്ങള്‍ സംശയിച്ചിരുന്നതായി രാഹുല്‍ ഗാന്ധി ഓര്‍ത്തെടുത്തു. എന്നാല്‍ ഇക്കാര്യം പരസ്യമായി പറയരുതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഉപദേശം. ക്രമക്കേടുകള്‍ സംബന്ധിച്ച തെളിവുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോഴും, 'ദയവായി ഇത് പുറത്തുപറയരുത്' എന്നാണ് അവര്‍ ആവശ്യപ്പെട്ടതെന്നും, അതിനാലാണ് കൂടുതല്‍ വ്യക്തതയ്ക്കും തെളിവുകള്‍ക്കുമായി താന്‍ കാത്തിരുന്നതെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.

Related articles

See all
Popular News

കീറി, പക്ഷേ മാറിപ്പോയി; സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ബാൽ താക്കറെ...

Popular News

‘ഇന്ത്യയെന്നാല്‍ ഇന്ദിര’, ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്ന ഉരുക്കുവനിതയ്ക്ക് ഇന്ന് 109-ാം ജന്...

Popular News

'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 'സാമ്പത്തിക ദുരന്തം; പരിഷ്കാരങ്ങൾ വൈകിയാൽ രാജ്യം വലിയ പ്രതിസന്ധിയി...

Popular News

സെൻസസ് പോർട്ടലിലെ മതവിവരങ്ങളിൽ അപ്രതീക്ഷിത മാറ്റം; 287 ഉപവിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ കോൺ...

Save your stories

Sign in