വയനാട്: പാരമ്പര്യ നെൽവിത്തുകളുടെ കാവലാളായ പത്മശ്രീ ചെറുവയൽ രാമന്റെ അപ്രതീക്ഷിത വേർപാടിൽ വികാരനിർഭരമായ കുറിപ്പുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. "ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ എന്നെ സ്വന്തം മകളെന്നാണ് വിളിച്ചത്. ആ നിമിഷം തന്നെ അദ്ദേഹം എന്റെ ഹൃദയത്തിൽ തൊട്ടു. അന്നുമുതൽ ഞാൻ സ്നേഹത്തോടെ അദ്ദേഹത്തെ 'എന്റെ മലയാളി അച്ഛൻ' എന്ന് വിളിച്ചുതുടങ്ങി. ഒരു മാസം മുൻപ് ഞങ്ങൾ അവസാനമായി സംസാരിച്ചപ്പോഴും വന്ന് കാണണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. വരാമെന്ന് ഞാൻ ഉറപ്പുനൽകിയതുമാണ്. എന്നാൽ ഡൽഹിയിലെ അടിയന്തര സാഹചര്യങ്ങൾ കാരണം വയനാട് സന്ദർശനം പകുതിയിൽ നിർത്തി എനിക്ക് മടങ്ങേണ്ടിവന്നു; ഉടൻ തന്നെ തിരികെയെത്തി കാണാമെന്ന് കരുതുകയും ചെയ്തു. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ വിയോഗവാർത്ത കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി," എന്ന് പ്രിയങ്ക കുറിച്ചു.
"എന്റെ മലയാളി അച്ഛൻ പണ്ഡിതനും പ്രൗഢിയും ഗാംഭീര്യവുമുള്ള വ്യക്തിത്വവും ചിന്തയിലും പ്രവർത്തിയിലും ഭയമില്ലാത്തവനുമായിരുന്നു. തൻ്റെ ജനങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, അവർക്ക് കുറഞ്ഞതൊന്നും ലഭിക്കുന്നത് സഹിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. വിവേചനത്തോടും അനീതിയോടും പോരാടാൻ തക്കവണ്ണം ശക്തമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. തനിക്ക് ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും വലിയ വിഷമത്തോടെയാണ് അദ്ദേഹം എന്നെ കാണിച്ചുതന്നത്; തൻ്റെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയുന്നതുവരെ ഈ അംഗീകാരങ്ങൾക്ക് യാതൊരു അർത്ഥവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്," പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു.
"നെൽകൃഷിയെക്കുറിച്ചും പരമ്പരാഗത കാർഷിക രീതികളെക്കുറിച്ചും അളവറ്റ അറിവുള്ള ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. സ്വന്തം സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്തായ മൂല്യം അദ്ദേഹം ആവോളം ഉൾക്കൊണ്ടിരുന്നു. തൻ്റെ പാരമ്പര്യത്തിൽ ഏറെ അഭിമാനം കൊള്ളുകയും ഓരോ ശ്വാസത്തിലും അത് ജീവിച്ചു കാണിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്റെ ജ്ഞാനിയായ ആ നല്ല സുഹൃത്തിനെ ഞാൻ ഏറെ മിസ്സ് ചെയ്യും. അദ്ദേഹത്തിന്റെ ഉപദേശങ്ങളും പഠനങ്ങളും എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കും. ഭാരതമണ്ണിലെ ഒരു മഹാനായ മകനെയാണ് ഇന്ത്യയ്ക്കിന്ന് നഷ്ടമായിരിക്കുന്നത്," എന്നും പ്രിയങ്ക ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചു.
'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന് മലയാളി അച്ഛന് എന്നും': ചെറുവയല് രാമന്റെ വേര്പാടില് പ്രിയങ്ക ഗാന്ധിയുടെ വികാരനിര്ഭരമായ കുറിപ്പ്