കല്‍പ്പറ്റ: മണ്ഡലത്തിലെ വിവിധ വികസന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വയനാട് എം.പി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. വൈകീട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന അവര്‍ റോഡ് മാര്‍ഗം കല്‍പ്പറ്റയിലേക്ക് തിരിക്കും. നവംബര്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ നിരവധി പൊതുപരിപാടികളിലും ഉദ്ഘാടനച്ചടങ്ങുകളിലും അവര്‍ പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ പത്മശ്രീ ചെറുവയല്‍ രാമന്റെ കുടുംബത്തെ സന്ദര്‍ശിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് മാനന്തവാടിയിലെ കമ്മന, തൃശ്ശില്ലേരി എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് അംഗന്‍വാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തന്റെ മുന്‍കൈയില്‍ ലഭ്യമാക്കിയ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രിയദര്‍ശിനി ടീ ഫാക്ടറിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അവര്‍ വിലയിരുത്തും.
വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റ സുഗന്ധഗിരി എല്‍.പി സ്‌കൂള്‍ സന്ദര്‍ശിക്കുന്ന എം.പി, തുടര്‍ന്ന് പുതുപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.പി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്യും. കിഴുപറമ്പ്, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അനുവദിച്ച മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫും അവര്‍ നിര്‍വഹിക്കും.
വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകള്‍ക്കായി അനുവദിച്ച ആറ് സ്‌കൂള്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് കാപ്പില്‍കരാട് ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി നിര്‍വഹിക്കും. തുടര്‍ന്ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളും സന്ദര്‍ശിക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്ച അവര്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും