പ്രശസ്ത കർഷകൻ 'നെല്ലച്ഛൻ' എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ (74) അന്തരിച്ചു. വയനാടിന്റെ കാർഷിക പൈതൃകവും തനത് കൃഷിരീതികളും കാത്തുസൂക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. വയനാട്ടിലെ കുറിച്യ സമുദായത്തിൽപ്പെട്ട രാമൻ, ആധുനിക കൃഷിരീതികൾ വ്യാപകമായ കാലത്തും പാരമ്പര്യ നെൽവിത്തുകളുടെ പ്രാധാന്യവും വിത്തുസംരക്ഷണത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ് രാജ്യത്തിന് തന്നെ മാതൃകയായി.
തലമുറകളിലൂടെ കൈമാറിവന്ന അറുപതിലധികം അപൂർവ്വ നെൽവിത്തുകൾ സംരക്ഷിക്കുകയും അവയുടെ ഗുണഗണങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തതിലൂടെയാണ് ചെറുവയൽ രാമൻ ജനശ്രദ്ധ നേടുന്നത്. ജൈവകൃഷിയുടെയും തനത് കാർഷിക രീതികളുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2016-ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡും ജനിതക സംരക്ഷണ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2011-ൽ ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചതും രാമനായിരുന്നു.
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് കമ്മന നവോദയ എൽ.പി. സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രമാണ് അദ്ദേഹം പഠിച്ചത്. പത്താം വയസ്സിൽ കൃഷിയിലേക്ക് ഇറങ്ങിയ രാമന് 1969-ൽ സർക്കാരിലേക്ക് വാർഡനായി ജോലി ലഭിച്ചെങ്കിലും, മണ്ണും കൃഷിയും ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ആ ജോലി വേണ്ടെന്നുവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാർഷിക ജീവിതത്തിന്റെ കഥ പൊതുവിദ്യാഭ്യാസ വകുപ്പ് ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ കർഷകന്റെ ജീവിതം പാഠപുസ്തകത്തിൽ ഇടംപിടിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു.
2025 സെപ്റ്റംബറിൽ വയനാട് മണ്ഡല സന്ദർശനത്തിനിടെ പ്രിയങ്ക ഗാന്ധി ചെറുവയൽ രാമന്റെ വസതിയിലെത്തി രണ്ടര മണിക്കൂറോളം ചെലവഴിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാമനൊപ്പം പാടവരമ്പിലൂടെ നടന്നും നാടൻ പാട്ടുകൾ കേട്ടും വിവിധയിനം വിത്തുകളെക്കുറിച്ച് ചോദിച്ചറിഞ്ഞുമാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. സ്വന്തം നേട്ടങ്ങൾക്കപ്പുറം വരുംതലമുറയ്ക്കായി കാർഷിക പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന 'നെല്ലച്ഛന്റെ' വേർപാട് കാർഷിക മേഖലയ്ക്ക് തീരാനഷ്ടമാണ്.
നെല്ലച്ഛന്' ചെറുവയല് രാമന് അന്തരിച്ചു; വിടവാങ്ങിയത് കാര്ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാവ്