ഓണത്തിരക്ക് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും; കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു
ഓണക്കാലത്തെ അതിരൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. ദീർഘദൂര ബസുകളുടെ എണ്ണം വർധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയുമുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
യാത്രക്കാർക്ക് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി 9447071021 എന്ന വാട്സ്ആപ് നമ്പറിൽ 'Hi' എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതുകൂടാതെ 'എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ്' (Ente KSRTC Neo OPRS) മൊബൈൽ ആപ്പ് വഴിയും, www.keralartc.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും, കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. സെപ്റ്റംബർ രണ്ട് വരെ ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ-ബംഗളൂരു വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസും, തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് ക്ലാസ് സർവീസും ഇതിൽ ഉൾപ്പെടുന്നു.
ബജറ്റ് ടൂറിസം സെൽ വഴി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക യാത്രകളും തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകളും KSRTC ഉറപ്പാക്കും. അതേസമയം, കൊച്ചി മെട്രോയും സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിറ്റ് ഇടവേളകളിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 7.13 മിനിറ്റ് ഇടവേളയിൽ എട്ട് അധിക ട്രിപ്പുകളിലായി രണ്ട് ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തുമെന്നും, ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി കരുതൽ ശേഖരമായി മാറ്റിവെച്ചിട്ടുണ്ടെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.