ലോകത്ത് ഒമിക്രോണ്‍ വ്യാപനം : ഇന്ത്യയില്‍ പ്രതിദിനം 14 ലക്ഷം പേർക്ക് വരെ രോഗം സ്ഥിരീകരിച്ചേക്കും
Jaihind TV News Report
Jaihind TV Web Desk
December 18, 2021
1 min read
•
Updated: June 03, 2026
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും യുകെയിലും ഫ്രാന്‍സിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോള്‍ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്നും സര്‍ക്കാരിന്‍റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നല്‍കി.
നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 'യുകെയിലെ വ്യാപനത്തിന്‍റെ തോതനുസരിച്ച്, ഇന്ത്യയില്‍ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കില്‍, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാം. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം', കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വികെപോള്‍ പറഞ്ഞു.
യുകെയില്‍ എക്കാലത്തേയും റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2.4 ശതമാനം ഒമിക്രോണ്‍ കേസുകളാണ്. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെല്‍റ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും ഡോപോള്‍ പറഞ്ഞു.
അനാവശ്യ യാത്രകള്‍, തിരക്ക്, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ രീതിയില്‍ കടന്നുപോകുകയാണെങ്കില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഡെല്‍റ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതിനേക്കാള്‍ വേഗതയിലാണ് ഒമിക്രോണിന്‍റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ മുംബൈയില്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് വെള്ളിയാഴ്ച മുംബൈയിലെത്തിയ 29-കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം രോഗ ലക്ഷണങ്ങളൊന്നും ഇയാള്‍ക്കില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10