കളിപ്പാട്ടരൂപത്തിൽ ട്രംപ്; വൈറ്റ് ഹൗസ് വെടിവയ്‌പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വീഡിയോ!
വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പ് സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും യുഎസ് ഭരണകൂടത്തെയും പരിഹസിച്ച് ഇറാൻ.ലെഗോ (Lego) കളിപ്പാട്ടങ്ങളുടെ മാതൃകയിലുള്ള അനിമേഷൻ വീഡിയോ പുറത്തിറക്കിയാണ് ഇറാൻ തങ്ങളുടെ പ്രതിഷേധവും പരിഹാസവും അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ജനപ്രീതി കുറയുമ്പോൾ ശ്രദ്ധ പിടിച്ചുപറ്റാൻ വൈറ്റ് ഹൗസ് തന്നെ ആസൂത്രണം ചെയ്ത നാടകമാണ് വെടിവയ്പ്പെന്ന് വീഡിയോ ആരോപിക്കുന്നു.
റാപ്പ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ അനിമേഷൻ വീഡിയോയിൽ ട്രംപിന്റെ സുരക്ഷാ ക്രമീകരണങ്ങളെയും ഭരണ നേതൃത്വത്തെയും കളിപ്പാട്ട രൂപങ്ങളിലൂടെ ഇറാൻ കളിയാക്കുന്നുണ്ട്. പൊതുവേദിയിൽ കരുത്തനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുമ്പോഴും അണിയറയിൽ ട്രംപ് പരിഹാസ്യനാണെന്നും അതീവ ദുർബലനാണെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം.
"തിരഞ്ഞെടുപ്പ് സർവേകളിൽ പോളിംഗ് ഇടിയുമ്പോൾ നിങ്ങൾ എപ്പോഴും ഈ തന്ത്രമാണ് പുറത്തെടുക്കുന്നത്" എന്ന് വീഡിയോയിലെ വരികൾ ട്രംപിനെ കുറ്റപ്പെടുത്തുന്നു. അമേരിക്കൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ ട്രംപിന് സാധിക്കുമെങ്കിലും ഇറാന്റെ മേൽ അദ്ദേഹത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന മുന്നറിയിപ്പും വീഡിയോ നൽകുന്നു.
കഴിഞ്ഞ ദിവസം രാത്രി 8.36-ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ) വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലായിരുന്നു നാടകീയമായ വെടിവയ്പ്പ് നടന്നത്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് വിരുന്നിൽ ട്രംപ് പ്രസംഗിച്ചുകൊണ്ടിരിക്കെ ഹോട്ടൽ ലോബിയിലെ സുരക്ഷാ ചെക്ക്‌പോയിന്റിലേക്ക് അക്രമി ഇരച്ചുകയറുകയായിരുന്നു. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് വെടിയുതിർത്തത്.
വെടിശബ്ദം കേട്ട ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വളയുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംഭവസമയത്ത് ഹാളിലുണ്ടായിരുന്നു.
അക്രമിയെ സുരക്ഷാ സേന കീഴടക്കി നിലവിൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ പുറത്തുവന്ന ഇറാന്റെ പരിഹാസ വീഡിയോ അന്താരാഷ്ട്ര തലത്തിൽ പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.