കൊച്ചി: മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ജയിൽ മോചിതനായി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽ നിന്നാണ് സുഹൈൽ പുറത്തിറങ്ങിയത്. ഹൈക്കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
കേസിലെ സഹപ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും, ഒന്നാം പ്രതിയായ സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവെക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 11-നാണ് സുഹൈൽ അറസ്റ്റിലായത്. ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യാത്രക്കാർ മരണമടയുകയായിരുന്നു. അപകടത്തെ തുടർന്ന് സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി