തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിമാർക്കും നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഗ്രേഡ് എസ്ഐമാർ പൊട്ടിക്കരഞ്ഞു മൊഴി നൽകി. ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയത്. തങ്ങൾ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവർ കരഞ്ഞുകൊണ്ട് എസ്ഐടിക്ക് മുൻപിൽ വ്യക്തമാക്കിയത്.
അതേസമയം, കേസിൽ പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിനുള്ള ഐപിസി 308-ാം വകുപ്പ് ചുമത്തിയതിൽ എസ്ഐടി കോടതിക്ക് വിശദീകരണം നൽകി. നിയമവിദഗ്ദ്ധരുടെ ഉപദേശത്തിന്റെയും മെഡിക്കൽ ബോർഡിലെ ഡോക്ടർമാരുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ചേർത്തതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
കേസിലെ ആദ്യ റിപ്പോർട്ട് അട്ടിമറിക്കാനും തിരുത്താനും ഉന്നതതലത്തിൽ ശക്തമായ ഇടപെടലുകൾ നടന്നതായും എസ്ഐടിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ സാഹചര്യത്തിലാണ് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പത്താമത്തെ കേസായി ലിസ്റ്റ് ചെയ്ത് പരിഗണിക്കുന്നത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുകൂടി പുറത്തുകൊണ്ടുവരുന്നതാണ് കീഴുദ്യോഗസ്ഥരായ എസ്ഐമാരുടെ ഇപ്പോഴത്തെ ഈ തുറന്നുപറച്ചിൽ.