ജയ്പൂർ: മധ്യപ്രദേശിൽ വൻ ക്രിപ്‌റ്റോകറൻസി തട്ടിപ്പ് നടത്തിയെന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ഷാജാപൂർ സ്വദേശിയും ബിജെപി ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാർ മാളവ്യയെയാണ് മധ്യപ്രദേശ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോകറൻസിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഗ്വാളിയാർ സ്വദേശിയായ 70കാരനായ ചാർട്ടേഡ് അക്കൗണ്ടന്റ് അശോക് വിജയവർഗിയയിൽ നിന്ന് ഏകദേശം 21.06 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
‘ഹലോ, ഞാൻ ദിവ്യയാണ്’ എന്ന പരിചയപ്പെടുത്തലോടെയാണ് തട്ടിപ്പ് സംഘം അശോക് വിജയവർഗിയയെ ബന്ധപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
തട്ടിയെടുത്ത പണത്തിൽ നിന്ന് ഏകദേശം 50 ലക്ഷം രൂപ മാളവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് ആകെ 77 ലക്ഷം രൂപ എത്തിയതായാണ് ആദ്യഘട്ട അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ 50 ലക്ഷം രൂപ സൈബർ തട്ടിപ്പുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം 76 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി 106 ഇടപാടുകളിലൂടെ കൈമാറ്റം ചെയ്തതായും പൊലീസ് കണ്ടെത്തി. മാളവ്യയുടെ അക്കൗണ്ടിലൂടെ മാത്രം 2.5 കോടിയിലധികം രൂപയുടെ സംശയാസ്പദ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ജില്ലാ പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചിരുന്ന ആക്‌സസ് ദുരുപയോഗം ചെയ്തും ആരുമറിയാതെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിച്ചതിന് തെളിവുകൾ ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. 12 ലെയറുകളിലായി 20,000ത്തിലധികം ബാങ്ക് ഇടപാടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ജാർഖണ്ഡ്, ഹരിയാന തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകൾ നടന്നത്.
സംഭവത്തിന് പിന്നിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന സൈബർ തട്ടിപ്പ് ശൃംഖലയുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. തട്ടിപ്പ് സിന്‍ഡിക്കേറ്റിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് നയൻ ശർമ പറഞ്ഞു.
പ്രതിയെ മോചിപ്പിക്കാൻ ചിലർ ഇടപെടാൻ ശ്രമിച്ചിരുന്നുവെന്നും പിന്നീട് അവർ ശ്രമത്തിൽ നിന്ന് പിന്മാറിയെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും മറ്റ് പ്രതികളുടെ പങ്കും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ക്രിപ്‌റ്റോയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 21 കോടി തട്ടി ; മധ്യപ്രദേശിൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ