'ജി.സുധാകരനെ കൈകാര്യം ചെയ്യണം'; എ.എ റഹീമിനും വിമര്‍ശനം; ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ അമര്‍ഷം
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കടുത്ത ആത്മവിമർശനവുമായി പ്രതിനിധികൾ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച നിലപാടിൽ വലിയ വീഴ്ച പറ്റിയെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. വെള്ളാപ്പള്ളി പരസ്യമായി ജാതി പറഞ്ഞിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞില്ല. വെള്ളാപ്പള്ളിയോട് കാണിച്ച ഇത്തരം മൃദുസമീപനങ്ങൾ തിരുത്തപ്പെടേണ്ടതായിരുന്നു എന്നാണ് പ്രതിനിധികളുടെ ആക്ഷേപം.
ജി. സുധാകരനെതിരെ കടുത്ത അമർഷം
മുന്‍ സി.പി.എം നേതാവ് ജി. സുധാകരനെതിരെയും സമ്മേളനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നു. സംഘടന കൊണ്ട് എല്ലാ പദവികളും നേട്ടങ്ങളും ഉണ്ടാക്കിയ ശേഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ നിരന്തരം അധിക്ഷേപിക്കുന്ന സുധാകരന്റെ നിലപാട് നോക്കിനിൽക്കാനാകില്ലെന്ന് പ്രതിനിധികൾ തുറന്നടിച്ചു. സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സംഘടനയ്ക്ക് കഴിഞ്ഞില്ല എന്നത് വീഴ്ചയാണ്. മണ്ഡലത്തിലെ പരിപാടികളിൽ ജി. സുധാകരനെ പങ്കെടുപ്പിക്കില്ലെന്ന് ഡിവൈഎഫ്ഐ തീരുമാനിച്ചാൽ അത് നടപ്പാക്കാനുള്ള ശേഷി സംഘടനയ്ക്കുണ്ടെന്നും പ്രതിനിധികൾ ഓർമ്മിപ്പിച്ചു.
എ.എ റഹീമിന് നേരെ ചോദ്യശരങ്ങൾ
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നു. ബി.ജെ.പിയുടെ വിദ്യാർത്ഥി-യുവജന സംഘടനയായ എ.ബി.വി.പിക്കും വൈ.ജെ.പിക്കും സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐക്ക് സാധിക്കുന്നില്ല എന്ന് പ്രതിനിധികൾ ചോദിച്ചു. പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്തു ചെയ്തു എന്ന ചോദ്യവും ഉയർന്നു. അഖിലേന്ത്യാ പ്രസിഡന്റ് പദവിക്ക് പുറമെ റഹീമിന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം കൂടി നൽകിയതിനെയും പ്രതിനിധികൾ പരിഹസിച്ചു. രണ്ട് പദവികൾ ഒരു സഖാവ് എങ്ങനെ വഹിക്കുമെന്നും, ഒരുപക്ഷേ അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാകാം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം കൂടി നൽകിയതെന്നും വിമർശനമുയർന്നു.
വയനാട് ഫണ്ട് വിവാദവും തിരഞ്ഞെടുപ്പ് തോൽവിയും
തിരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ഡിവൈഎഫ്ഐയുടെ വയനാട് ദുരന്ത സഹായ ഫണ്ടിനെതിരെ യൂത്ത് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ രാഷ്ട്രീയ ആരോപണത്തെ കൃത്യമായി കൗണ്ടർ ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചില്ല. ഇത് തിരഞ്ഞെടുപ്പിൽ പ്രതികൂല സാഹചര്യമായി മാറി. ബാങ്കിൽ ഉണ്ടായിരുന്ന, പിരിച്ച പണത്തിന്റെ പലിശ എന്ത് ചെയ്തു എന്നതിൽ വ്യക്തത വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സമീപകാലത്തുണ്ടായ തിരഞ്ഞെടുപ്പ് തോൽവികൾക്ക് ലളിതമായി ഉത്തരം നൽകാൻ പാർട്ടിക്കും സാധിക്കുന്നില്ല.
'പൊതിച്ചോറ്' രാഷ്ട്രീയത്തിനെതിരെ ആത്മവിമർശനം
കഴിഞ്ഞ 10 വർഷക്കാലമായി ഒരു സമര സംഘടന എന്ന നിലയിൽ നിന്ന് മാറി ഡിവൈഎഫ്ഐയെ വെറുമൊരു 'പൊതിച്ചോറ്' സംഘടനയാക്കി മാറ്റി എന്ന സ്വയംവിമർശനവും സമ്മേളനത്തിൽ ഉയർന്നു. എന്ത് വിമർശനം വന്നാലും ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് എന്ന് മാത്രം പറയുന്ന നിലയിലേക്ക് നേതൃത്വം മാറി. ഡിവൈഎഫ്ഐ വെറുമൊരു സന്നദ്ധ സംഘടന മാത്രമല്ല, മറിച്ച് ഒരു സമരസംഘടന കൂടിയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളായ യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ, ചില നേതാക്കന്മാരുടെ ധാർഷ്ട്യം നിറഞ്ഞതും അടിമ-ഉടമ മനോഭാവത്തോടെയുള്ളതുമായ സമീപനം തിരുത്തണമെന്നും, ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ മോശം പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.