ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നടത്തിയ പതിവ് പരിശോധനയില്‍ ആരെയും ഞെട്ടിക്കുന്ന കോടികളുടെ കള്ളനോട്ട് വേട്ട പുറത്തുവന്നു. നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്തമായ 'മണി ഹെയ്സ്റ്റ്' വെബ് സീരീസിനെ ഓര്‍മിപ്പിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ ഉപയോഗിച്ചാണ് ബാങ്കിന്റെ സുരക്ഷിതമായ കറന്‍സി ചെസ്റ്റിനുള്ളില്‍ നിന്ന് കോടികളുടെ യഥാര്‍ഥ നോട്ടുകള്‍ മാറ്റി വ്യാജ നോട്ടുകള്‍ വച്ചിരിക്കുന്നത്.
ബാങ്കിന്റെ കറന്‍സി ചെസ്റ്റില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്ക് അയച്ച പണം ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 10-11 തീയതികളില്‍ അയച്ച പണത്തില്‍ 4.36 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സര്‍ക്കിള്‍ ഓഫിസില്‍ ഇന്റേണല്‍ എന്‍ക്വയറി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കറന്‍സി ചെസ്റ്റില്‍ സൂക്ഷിച്ചിരുന്ന 7.40 കോടി രൂപയുടെ നോട്ടുകള്‍ മാറ്റി വ്യാജ നോട്ടുകള്‍ വച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ബാങ്ക് ചീഫ് മാനേജര്‍ നിഷ സിങ്ങിന്റെ പരാതിയെ തുടര്‍ന്ന് സഹാറന്‍പൂര്‍ എസ്എസ്പി. അഭിനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ വഴികള്‍, ബാങ്ക് രേഖകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
നോട്ടുകള്‍ എണ്ണുന്നതിലും പാക്ക് ചെയ്യുന്നതിലും ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫിസര്‍ രവി കുമാര്‍, കറന്‍സി ചെസ്റ്റ് മാനെജര്‍മാരായ സുശീല്‍ ശര്‍മ, അമിത് കുമാര്‍ എന്നിവരടക്കം നാല് ജീവനക്കാരെ ബാങ്ക് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പണക്കുറവുമായി ബന്ധപ്പെട്ട് വിശാല്‍ കുമാര്‍ എന്ന ജീവനക്കാരനെതിരേ പ്രത്യേകമായി കേസെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത വ്യാജ നോട്ടുകള്‍ ഇടപാടുകാര്‍ക്കോ മറ്റ് ശാഖകളിലേക്കോ വിതരണം ചെയ്തിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സുരക്ഷിതമായ ഒരു ബാങ്ക് ചെസ്റ്റില്‍ ഇത്രയധികം വ്യാജ നോട്ടുകള്‍ എങ്ങനെ എത്തി എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും രാജ്യത്തെയും ഒരുപോലെ വിസ്മയത്തിലാഴ്ത്തിയിരിക്കുകയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മണി ഹെയ്സ്റ്റ് മോഡല്‍ കൊള്ള; യഥാര്‍ഥ നോട്ട് മാറ്റി കോടികളുടെ കള്ളനോട്ട് വച്ചു