കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം 'അതിമനോഹരം' ചിത്രീകരണം പൂര്‍ത്തിയായി. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് 115 ദിവസത്തെ നീണ്ട പ്രക്രിയയ്ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് രാത്രിയോടെയാണ് പൂര്‍ത്തിയായത്. ജനുവരി 23-ന് തൊടുപുഴയില്‍ ആരംഭിച്ച ചിത്രീകരണം ഏഴ് ഷെഡ്യൂളുകളിലായി വിവിധ ലൊക്കേഷനുകളിലായാണ് പൂര്‍ത്തിയാക്കിയത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 20-ാമത് നിര്‍മ്മാണ സംരംഭം കൂടിയാണിത്.
കുടുംബ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു പോലീസ് പ്രൊസീജ്യറല്‍ ഡ്രാമയാണ് 'അതിമനോഹരം'. തൊടുപുഴയ്ക്ക് പുറമേ കൊച്ചി, ശബരിമല, മുംബൈ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണ ലൊക്കേഷനുകള്‍. ദീര്‍ഘകാലത്തിന് ശേഷം മീരാ ജാസ്മിന്‍ മോഹന്‍ലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലു അലക്‌സ്, മനോജ് കെ. ജയന്‍, മുകേഷ്, ജഗദീഷ്, ഇര്‍ഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവര്‍ക്കൊപ്പം പുതുതലമുറ താരങ്ങളായ സജീവന്‍, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയം കൊയ്ത 'തുടരും' സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദ്ധര്‍ വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജെയ്ക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. ഷഫീഖ് വി.ബി എഡിറ്റിംഗും, വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും, ഗോകുല്‍ ദാസ് കലാസംവിധാനവും കൈകാര്യം ചെയ്യുന്നു.
റോണക്‌സ് സേവ്യര്‍ മേക്കപ്പും, മഷര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നടന്‍ ബിനു പപ്പു കോ-ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മിറാഷ് ഖാന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, സുധര്‍മ്മന്‍ വള്ളിക്കുന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ച ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. പിആര്‍ഒ: വാഴൂര്‍ ജോസ്.
മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹരം' ചിത്രീകരണം പൂര്‍ത്തിയായി; റിലീസിന് ഒരുങ്ങി ബിഗ് ബജറ്റ് ചിത്രം