ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'ആകാശംലോ ഒക താര' (ആകാശത്തില്‍ ഒരു താരകം) കേരള ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം തുടരുന്നു. ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രേക്ഷക - നിരൂപക പ്രതികരണം നേടിയ ചിത്രം, ആദ്യദിനത്തേക്കാള്‍ ഇരട്ടി കളക്ഷനുമായി രണ്ടാം ദിനത്തിലും കുതിപ്പ് തുടര്‍ന്നു. കേരളത്തില്‍ 115 കേന്ദ്രങ്ങളിലായി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഇപ്പോള്‍ മൂന്നാം ദിനത്തോടെ 155 സ്‌ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചിരിക്കുകയാണ്. രണ്ടാം ദിനം മാത്രം കേരളത്തില്‍ 92 സ്‌പെഷ്യല്‍ ലേറ്റ് നൈറ്റ് ഷോകള്‍ നടന്നതും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായി മാറുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്.
പ്രീമിയര്‍ ഷോകള്‍ മുതല്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രത്തിന് റിലീസിന് ശേഷവും പ്രേക്ഷകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനവും സാത്വിക വീരവല്ലിയുടെ അഭിനയവും ചിത്രത്തിന്റെ വൈകാരികമായ അവതരണവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന കഥയും മികച്ച മേക്കിംഗും സംഗീതവുമെല്ലാം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി മാറുന്നു. പ്രേക്ഷകരുടെ പോസിറ്റീവ് പ്രതികരണം കൂടുതല്‍ ഷോകളിലേക്കും സ്‌ക്രീനുകളിലേക്കും ചിത്രം വ്യാപിപ്പിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ചിത്രത്തെ സ്വീകരിക്കുന്നതും ചിത്രം നേടുന്ന വലിയ വിജയത്തിന് കാരണമായിട്ടുണ്ട്.
ചിത്രത്തില്‍ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന'യായി എത്തുന്നു. സമൂഹം മുന്നില്‍ വെക്കുന്ന അതിര്‍വരമ്പുകള്‍ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വപ്നങ്ങള്‍ കാണാനും അവ നേടിയെടുക്കാന്‍ പരിശ്രമിക്കാനും പ്രചോദനം നല്‍കുന്ന ഈ പ്രമേയം പ്രേക്ഷകരുമായി വൈകാരികമായി സംവദിക്കുന്നുണ്ട്. എ.പി.ജെ. അബ്ദുള്‍ കലാം, വിക്രം സാരാഭായ്, കല്പന ചൗള തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ക്ക് ചിത്രം സമര്‍പ്പിച്ചിരിക്കുന്നതും ഇതിന്റെ ആശയലോകത്തിന് കൂടുതല്‍ പ്രസക്തി നല്‍കുന്നു.
ചിത്രത്തില്‍ ശ്രുതി ഹാസന്‍ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി ശര്‍മ, മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് കരുത്തേകുന്നു. ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ', 'കണ്ണേ കണ്ണേ' എന്നീ ഗാനങ്ങള്‍ നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദൃശ്യഭംഗിയും അവതരണ മികവും പ്രകടനങ്ങളും ഒത്തുചേരുന്ന ഒരു മനോഹരമായ സിനിമാനുഭവമെന്നാണ് 'ആകാശംലോ ഒക താരയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പറയുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര ബോക്‌സ് ഓഫിസ് പ്രകടനമാണ് നടത്തുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലെയും മികച്ച മുന്നേറ്റത്തോടെ കേരളത്തില്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ച 'ആകാശംലോ ഒക താര' വരും ദിവസങ്ങളിലും ബോക്‌സ് ഓഫീസില്‍ ശ്രദ്ധേയമായ കുതിപ്പ് തുടരാനുള്ള പ്രതീക്ഷയിലാണ്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവന്‍ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, എഡിറ്റര്‍: പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍: സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം: ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍: അനില്‍ ഭാനു, വിഎഫ്എക്‌സ്: എഗൈ്വറ്റ് വിഎഫ്എക്‌സ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ്: ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: സായ് ശശാങ്ക്
ഉയരങ്ങള്‍ താണ്ടി 'ആകാശംലോ ഒക താര'; കേരളത്തില്‍ 115 ല്‍ നിന്ന് 155 സ്‌ക്രീനുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം